മലയാള സിനിമയുടെ നാള്‍വഴിയില്‍ സാഹിത്യലോകം നടത്തിയ ഇടപെടലുകള്‍ അതിശക്തമായിരുന്നുവെന്ന് കാണാവുന്നതാണ്. മലയാള സിനിമയുടെ പ്രാരംഭദശയില്‍തന്നെ സാഹിത്യത്തോടുള്ള ബന്ധം ആരംഭിച്ചതായി കാണാം. വിഗതകുമാരന്‍ എന്ന നിശബ്ദചിത്രത്തോടെയാണ് മലയാള സിനിമയുടെ ചരിത്രം ആരംഭിക്കുന്നത്. അഗസ്തീശ്വരം സ്വദേശിയായ ജെ.സി ദാനിയേല്‍ രചനയും ഛായാഗ്രഹണവും നിര്‍മ്മാണവും സംവിധാനവും നിര്‍വഹിച്ച ഈ ചിത്രം 1928നവംബര്‍ 7നു പുറത്തുവന്നു. കളരിപ്പയറ്റിന്റെ ആരാധകനായിരുന്ന ജെ. സി. ദാനിയേല്‍ അതിന്റെ പ്രചരണത്തിനു പറ്റിയ ഒരു കഥ സിനിമയ്ക്കുവേണ്ടി തയ്യാറാക്കുകയാണുണ്ടായത്. എന്നാല്‍ മലയാളത്തിലെ രണ്ടാമത്തെ ചിത്രമായ മാര്‍ത്താണ്ഡവര്‍മ്മ പ്രശസ്തമായ ഒരു നോവലിന്റെ അനുരൂപണമായിരുന്നു. സി. വി. രാമന്‍പിള്ളയുടെ നോവലിനെ ആധാരമാക്കി സുന്ദര്‍രാജ് നിര്‍മ്മിച്ച് വി. വി. റാവു സംവിധാനം ചെയ്ത ഈ ചിത്രം 1933ല്‍ പ്രദര്‍ശനത്തിനെത്തി. എന്നാല്‍ അധിക ദിവസം പ്രദര്‍ശിപ്പിക്കാനായില്ല. പകര്‍പ്പവകാശ നിയമം ലംഘിച്ചതിന്റെ പേരില്‍ സിനിമ നിരോധിക്കപ്പെട്ടു. സാഹിത്യകൃതി സിനിമയാക്കുന്ന പ്രവണതയ്ക്കു മലയാളത്തില്‍ തുടക്കം കുറിച്ച മാര്‍ത്താണ്ഡവര്‍മ്മ കാണാന്‍ അധികം പേര്‍ക്ക് അവസരമുണ്ടായില്ല.
1938 ല്‍ മലയാളത്തിലെ ആദ്യത്തെ ശബ്ദചിത്രമായ ബാലന്‍ പുറത്തുവന്നു. ടി. ആര്‍. സുന്ദരം നിര്‍മ്മിച്ച ഈ സിനിമ സംവിധാനം ചെയ്തത് എസ്.നൊട്ടാണിയാണ്. ഇതിന്റെ ആദ്യനിര്‍മ്മാതാവായിരുന്ന എ. സുന്ദരന്‍പിള്ള സിനിമയ്ക്കു വേണ്ടി രചിച്ച വിധിയും മിസ്സിസ്സ് നായരും എന്ന കഥ പരിഷ്ക്കരിച്ചുണ്ടായതാണ് ബാലന്‍. 1940ല്‍ പുറത്തിറങ്ങിയ ജ്ഞാനാംബിക സി. മാധവപിള്ളയുടെ നോവലിന്റെ അനുരൂപണമാണ്. എസ്. നൊട്ടാണി തന്നെ ഇതും സംവിധാനം ചെയ്തു. ഇതിനിടയില്‍
അപ്പന്‍തമ്പുരാന്റെ ഭൂതരായര്‍ എന്ന നോവല്‍ സിനിമയാക്കാന്‍വേണ്ടി അദ്ദേഹം
നോവലിനെ നൂറ്റിനാല്പത്തിരണ്ട് രംഗങ്ങളായി വിഭജിച്ച് തിരക്കഥ രചിച്ചു. കഥാപാത്രങ്ങളുടെ വേഷവിധാനങ്ങളുടേയും ചിത്രീകരിക്കേണ്ട സ്ഥലങ്ങളുടേയും വിശദമായ രൂപരേഖയും തയ്യാറാക്കി. അഭിനേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് റിഹേഴ്സല്‍ നടത്തുകയും ചെയ്തു. എന്നാല്‍ സാമ്പത്തികപ്രശ്നം മൂലം ചിത്രീകരണം നടന്നില്ല. മലയാളത്തില്‍ ആദ്യമായി എഴുതപ്പെട്ടതും പ്രസിദ്ധീകരിക്കപ്പെട്ടതുമായ തിരക്കഥ അപ്പന്‍തമ്പുരാന്റെ ഭൂതരായരാണെന്ന് എം. ടി. വാസുദേവന്‍നായര്‍ പറയുന്നു.
ആദ്യകാല സിനിമയിലെ അനുരൂപണങ്ങളുടെ ചരിത്രം ഈ മൂന്നു സിനിമകളിലൊതുങ്ങുന്നു. മലയാള സിനിമയുടെ ആദ്യ കാല്‍നൂറ്റാണ്ടില്‍ അനുരൂപണങ്ങള്‍ കാര്യമായ ചലനമൊന്നുമുളവാക്കിയില്ലെന്നതാണ് യാഥാര്‍ഥ്യം. പ്രശസ്തമായ മലയാളകൃതികള്‍ സിനിമയിലേയ്ക്ക് കൊണ്ടുവരാന്‍ ശ്രമമൊന്നും നടന്നില്ല. 1950ല്‍ തിക്കുറിശ്ശി സുകുമാരന്‍നായരുടെ സ്ത്രീ എന്ന നാടകത്തെ ആസ്പദമാക്കി അതേ പേരിലുള്ള സിനിമ പുറത്ത് വരികയുണ്ടായി. നാടകത്തെ അടിസ്ഥാനമാക്കി മലയാളത്തിലുണ്ടായ ആദ്യസിനിമയെന്ന് ഇതിനെ വിശേഷിപ്പിക്കാം. ആര്‍. വേലപ്പന്‍നായരായിരുന്നു സംവിധാനം. ആദ്യകാല സിനിമളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ജീവിതനൗക, നീലക്കുയില്‍, ന്യൂസ് പേപ്പര്‍ബോയ് ഇവയൊന്നും സാഹിത്യത്തില്‍നിന്നും കടന്നുവന്നവയല്ല.
മലയാളസിനിമയും സാഹിത്യവുമായുള്ള ദൃഢമായ ബന്ധം ആരംഭിക്കുന്നത് അമ്പതുകളുടെ രണ്ടാം പകുതിയിലാണ്. 1957ല്‍ മുട്ടത്തുവര്‍ക്കിയുടെ പാടാത്ത പൈങ്കിളി എന്ന നോവല്‍ സിനിമയാക്കിക്കൊണ്ട് പി. സുബ്രമണ്യം ഇതിനു തുടക്കം കുറിച്ചു. തുടര്‍ന്നുള്ള നാലുവര്‍ഷത്തിനിടയില്‍ത്തന്നെ സാഹിത്യത്തെ ആധാരമാക്കി അഞ്ചു സിനിമകള്‍ക്ക് അദ്ദേഹം രൂപം നല്കി. ഇവയില്‍ നാലും മുട്ടത്തുവര്‍ക്കിയുടെ നോവലുകളായിരുന്നു. ഒന്ന് തകഴിയുടെ രണ്ടിടങ്ങഴി എന്ന നോവലും. അറുപതുകളോടെ സാഹിത്യകൃതി സിനിമയാക്കുന്ന പ്രവണത വ്യാപകമായി. അക്കാലത്തെ പ്രമുഖരായ സംവിധായകരും നിര്‍മ്മാതാക്കളും പ്രമേയത്തിനുവേണ്ടി കണ്ണോടിച്ചത് സാഹിത്യകൃതികളിലേക്കാണ്. രാമു കാര്യാട്ട്, കെ. എസ്. സേതുമാധവന്‍, വിന്‍സന്റ്, പി. ഭാസ്ക്കരന്‍, പി. എന്‍. മേനോന്‍, എം.കൃഷ്ണന്‍നായര്‍, പി.സുബ്രഹ്മണ്യം തുടങ്ങിയ സംവിധായകരുടേയും ടി. കെ. പരീക്കുട്ടി, ശോഭനാ പരമേശ്വരന്‍ നായര്‍, എം.ഒ. ജോസഫ്, രവി തുടങ്ങിയ നിര്‍മ്മാതാക്കളുടേയും ഒട്ടുമിക്ക സിനിമകളും അനുരൂപണങ്ങളായിരുന്നു .വൈക്കം മുഹമ്മദ് ബഷീര്‍, തകഴി, ഉറൂബ്, എസ്.കെ. പൊറ്റക്കാട്, കേശവദേവ്, എം.ടി വാസുദേവന്‍നായര്‍, പാറപ്പുറത്ത്, പൊന്‍കുന്നം വര്‍ക്കി, കെ സുരേന്ദ്രന്‍, ജി വിവേകാനന്ദന്‍, മുട്ടത്തു വര്‍ക്കി, കാനം ഇ.ജെ. ,മൊയ്തു പടിയത്ത്, തോപ്പില്‍ ഭാസി, കെ. ടി. മുഹമ്മദ് തുടങ്ങി മലയാളത്തിലെ പ്രശസ്തരായ എഴുത്തുകാരുടെ കൃതികളൊക്കെ സിനിമയിലേക്കു കടന്നുവന്നു. മിക്ക സിനിമകളുടേയും തിരക്കഥകള്‍ രചിച്ചതും സാഹിത്യകാരന്മാരായിരുന്നു. കുമാരനാശാന്റെ കരുണ, ചങ്ങമ്പുഴയുടെ രമണന്‍, എന്നീ കാവ്യങ്ങള്‍ക്കും അക്കാലത്ത് ചലച്ചിത്രാവിഷ്ക്കാരങ്ങളുണ്ടായി. അറുപതുകളിലും എഴുപതുകളുടെ ആരംഭത്തിലും മലയാളത്തിലുണ്ടായ ശ്രദ്ധേയമായ ചിത്രങ്ങളൊക്കെ അനുരൂപണങ്ങളായിരുന്നു. മുടിയനായ പുത്രന്‍, ചെമ്മീന്‍, ഭാര്‍ഗ്ഗവീനിലയം, ഇരുട്ടിന്റെ ആത്മാവ്, മുറപ്പെണ്ണ്, ഓടയില്‍നിന്ന്, തുലാഭാരം, അശ്വമേധം, കാട്ടുകുരങ്ങ്, യക്ഷി, അടിമകള്‍, കടല്‍പ്പാലം, ഓളവും തീരവും, കുട്ട്യേടത്തി, വാഴ്വേമായം, അനുഭവങ്ങള്‍ പാളിച്ചകള്‍, അരനാഴികനേരം, കള്ളിച്ചെല്ലമ്മ, കരകാണാക്കടല്‍, പണിതീരാത്ത വീട് എന്നിവയൊക്കെ ഉദാഹരണങ്ങളാണ്. ചുരുക്കത്തില്‍ മലയാള സിനിമയില്‍ സാഹിത്യം കൊടികുത്തിവാണ കാലഘട്ടമാണതെന്നു പറയാം. മികച്ച സിനിമ സൃഷ്ടിക്കാനുള്ള മാര്‍ഗ്ഗം പ്രശസ്തസാഹിത്യകൃതിയെ ആധാരമാക്കുകയാണെന്നൊരു ചിന്ത തന്നെ അക്കാലത്ത് രൂപം കൊള്ളുകയുണ്ടായി. സാഹിത്യത്തിന്റെ ഈ വന്‍സ്വാധീനം മലയാള സിനിമയില്‍ ഗുണപരമായ ഏറെ മാറ്റങ്ങള്‍ക്കു കാരണമായി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ