02 ഓഗസ്റ്റ് 2014

മലയാള ഭാഷയും ഇന്നത്തെ സാഹിത്യവും !

സാഹിത്യമെന്നത്‌ എന്നും മനുഷ്യനെ പരിലസിപ്പിക്കുന്ന ഒരു ശാഖയാണ്.എന്നാൽ ഭാഷ പോലെ തന്നെ സാഹിത്യത്തെയും മനുഷ്യന്റെ ചരിത്രപരമായ മുന്നേറ്റങ്ങളെയും പരിണാമ വികാസങ്ങളെയും കുറിക്കുന്ന നേർക്കാഴ്ച എന്നുകൂടി പറയേണ്ടിയിരിക്കുന്ന!മലയാള ഭാഷാ സാഹിത്യത്തിനു ഏകദേശം എണ്ണൂറിൽപ്പരം വര്ഷത്തെ പഴക്കം ആണ് പറയപ്പെടുന്നത്‌ .പക്ഷെ അത്രകണ്ട് ഭീമമായൊരു സംഭാവന ഈ കാലയളവിൽ മലയാള സാഹിത്യത്തിനു നല്കാൻ കഴിഞ്ഞിട്ടുണ്ടോ എന്നത് ചിന്തനീയമാണ് !

സാഹിത്യത്തിൽ ഇന്നുള്ള അവസ്ഥയെ അവലോകനം ചെയ്യുമ്പോൾ ശബ്ദശുദ്ധിക്ക് പ്രസക്തി ഉണ്ടോ ഇല്ലയോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.ഭാഷാശാസ്ത്രപരമല്ലാത്ത വെറും പ്രാദേശികവും ഗ്രാമ്യവുമായ ഭാഷയിലാണ് ഇന്നുള്ള രചനകൾ എണ്‍പത് ശതമാനവും രൂപം കൊള്ളുന്നത്‌.ഇന്നത്തെ സാഹിത്യത്തിൽ നിന്നും നല്ല ഭാഷയും വ്യാകരണവും മാറി നില്ക്കുന്നു എന്ന് പറയുന്നതാവും ഉചിതം !അപശബ്ദങ്ങളും വാമൊഴികളും മുഴച്ചു നില്ക്കുകയും ചെയ്യുന്നു .മലയാളം ദക്ഷിണ ദ്രാവിഡ ഭാഷയിൽ നിന്നും ഒന്പതാം ശതകത്തിലാണ് വേർപിരിഞ്ഞു സ്വതന്ത്ര ഭാഷയായി വികാസം പ്രാപിക്കുന്നത് .അവിടെ നിന്നും പതിമൂന്നാം ശതകത്തിലാണ് ലിപി രൂപം കൊള്ളുന്നത്‌ .ഒന്പതാം ശതകത്തിൽ പുതുതായി ഉരുത്തിരിഞ്ഞു വന്ന ഭാഷയും തങ്ങളുടെ ഭാഷയും കൂട്ടിക്കലർത്തി അന്നുള്ള നമ്പൂതിരിമാർ മണിപ്രവാള ഭാഷ രൂപപ്പെടുത്തിയതായി പറയപ്പെടുന്നു .കൂടാതെ അവരുടെതായ രീതിയിൽ പാട്ടുകളും .ഈ രണ്ടു തരത്തിൽക്കൂടിയാണ് അന്ന് ഭാഷ മുൻപോട്ടു വന്നത് .
ഭാഷയുടെ നിബന്ധനയായ വ്യാകരണം ഗ്രഹിച്ചിരുന്നതിനു ശേഷം എഴുതുന്ന എഴുത്തുകാർ എത്ര പേരുണ്ടാകും ഇന്ന് ?വാമോഴിയെക്കാൾ വരമൊഴിയിൽ ശ്രദ്ധിക്കണമെന്ന് സാരം . കേരള പാണിനി  ,ശ്രി കെ സി കേശവപിള്ളയ്ക്കെഴുതിയ ഒരു കത്തിൽ നിന്നും :
'ശബ്ദാർത്ഥജ്ഞാനം സമ്പാദിക്കാതെ പലവിധ ശബ്ദങ്ങൾ ഉച്ചരിച്ചു തൃപ്തിപ്പെടുന്ന പക്ഷിമൃഗാധികളിൽ നിന്നും മനുഷ്യൻ വ്യത്യസ്തനാണല്ലൊ.അതിനാൽ നാം ശബ്ദങ്ങളുടെ അർത്ഥം ശരിയായി ഗ്രഹിച്ച് സുശബ്ദങ്ങൾ മാത്രം പ്രയോഗിക്കെണ്ടാതാണെന്നും വന്നുകൂടുന്നു .'
ഈ സുശബ്ദം എന്നത് നല്ല ഭാഷയാണ് .വാമൊഴിയും വരമൊഴിയും പരക്കെ പലതായിരിക്കെ തന്നെ ,ഈ വ്യത്യാസങ്ങൾക്കുപരിയായിത്തന്നെ ഒരു ഭാഷയുണ്ട് -മാനകഭാഷ .അതായത് ഭരണഭാഷ,ബോധനഭാഷ ,മാധ്യമ ഭാഷ എന്നൊക്കെ പറയുന്ന ഇതിനെയാണ് പരക്കെ ഇന്ന് അന്ഗീകരിക്കപ്പെട്ടിരിക്കുന്നതും .

പക്ഷെ മാനക ഭാഷയിൽ സാഹിത്യം വികസിക്കുന്നു എന്ന് പറയാൻ കഴിയുമോ ? ഇന്നുള്ള കഥകൾ,കവിതകൾ തുടങ്ങിയവയിൽ മാനകഭാഷ കൂടുതലായില്ല ,വാമൊഴിയിൽ തന്നെയാണ് ഇവിടെ സാഹിത്യം മാറിക്കൊണ്ടിരിക്കുന്നത് ,ഇതൊരു തെറ്റല്ല എന്ന് പറയാമെങ്കിലും പുതിയ തലമുറ മലയാളത്തിന്റെ അടിത്തറ അറിയാതെ മുകളിൽ പൊന്തിക്കിടക്കുന്ന പായൽ മാത്രമാവുകയാണ് ! കുട്ടികളിൽ അടിസ്ഥാനപരമായി മലയാള ഭാഷയുടെ യഥാർത്ഥ ശൈലി ,പദം,വ്യാകരണം എന്നിവ ഉറപ്പിച്ചു പഠിപ്പിക്കേണ്ടതിന്റെ ആവശ്യകത എന്തുകൊണ്ടും അഭിലഷണീയമാണ്. കാരണം ഭാഷ ഉപയോഗിക്കുമ്പോൾ അതിന്റെ ശരിയായ പദം അറിഞ്ഞതിനു ശേഷം വാമൊഴി ഉപയോഗിക്കുന്നവർക്ക് ശുദ്ധമായ ഭാഷ ഉള്ളിലുണ്ടാകുന്നു .അവരെ നമുക്കറിവുള്ളവർ (ഭാഷയിൽ)എന്ന് വേർതിരിച്ചെടുക്കാം.
മറ്റു ഭാഷകളിൽ നിന്നും പദങ്ങൾ ധാരാളമായി സ്വീകരിച്ചു കൊണ്ടാണ് നിലവിൽ മലയാളം മുൻപോട്ടു പോയിക്കൊണ്ടിരിക്കുന്നത് .എങ്കിലും ഭാഷ നന്നാകണമെങ്കിൽ പദം തിരഞ്ഞെടുക്കുന്നതിൽ സൂക്ഷ്മമായി ശ്രദ്ധിക്കെണ്ടുന്നതുണ്ട്‌.പ്രയോഗം വൈകല്യമായാൽ ഭാഷ മലിനവും സൌന്ദര്യമില്ലാത്തതും ആയിത്തീരും .പതിവ്രത യും പതിവൃതയും തമ്മിലെന്നപോലെയാണ് അത് .പതിയെ സംബന്ധിച്ച് വ്രതമുള്ളവളാണ് പതിവ്രത .പതികളാൽ ചുറ്റപ്പെട്ടവൾ ആണ് പതിവൃത ! അർത്ഥത്തിൽ വരുന്ന മാറ്റം മുഴുവൻ ഘടനയെയും ചരിത്രത്തെ വരെ മാറ്റി മറിക്കും.
സഗ്ഗാത്മക സാഹിത്യത്തിൽ സ്വാതന്ത്ര്യം ഉണ്ടെന്നു ശരിയെന്നിരിക്കെ തന്നെ വൈജ്ഞാനിക സാഹിത്യത്തിൽ തെറ്റിനെ തെറ്റായി ഉൾക്കൊണ്ടു കൊണ്ട് അവ തിരുത്താൻ ഇന്നുള്ള എഴുത്തുകാർ മുൻപോട്ടു വരേണ്ടതാണ് .
ഒരാൾ എഴുതുന്നത്‌ അത് വായിക്കുന്നവരിൽ ഉണര്ത്തുന്ന ശ്രേഷ്ഠത എഴുതുന്നയാളുടെ ഭാഷ മാത്രമല്ലെങ്കിലും ആ ഘടന, പദങ്ങളുടെ ഉപയോഗം ,വ്യക്തത എന്നിവ തീർച്ചയായും വെളിപ്പെടുത്തുന്നത് ഭാഷയിലാണ് വലിയ കാര്യമെന്നത് തന്നെ !

ചരിത്രം


കേരളോല്‍പ്പത്തി-ഐതിഹ്യം

     ഇന്ത്യയുടെ തെക്കു പടിഞ്ഞാറു കിടക്കുന്ന ഈ കൊച്ചു നാടിന്‍െറ ഉല്‍പത്തിയെക്കുറിച്ചുള്ള ഐതീഹ്യകഥയൊന്നുണ്ട്. അതിങ്ങനെയാണ്.     ജമദഗ്നി മഹര്‍ഷിയുടെ പുത്രന്‍ രാമനായി മഹാവിഷ്ണു അവതരിച്ചു. ശിവ ഭക്തനും വീരശൂരപരാക്രമിയുമായ രാമന്‍ തന്‍െറ ആയുധമായ പരശു (മഴു) വിന്‍െറ പേരും ചേര്‍ത്ത് പരശുരാമന്‍ എന്നും വിഖ്യാതനായി. അധികാര ദുര്‍മോഹികളും, അതില്‍ അഹങ്കാരികളുമായ സ്വാര്‍ത്ഥ തല്‍പരരുമായ ക്ഷത്രിയരുമായി 21 പ്രാവശ്യം ഘോര യുദ്ധം നടത്തി അവരെ വധിച്ചു, നാട്ടില്‍ സമാധാനവും, സന്തോഷവും നിലനിര്‍ത്തി,പരശുരാമന്‍ അതിനുശേഷം തനിക്ക് തപസ്സിരിക്കാന്‍ ഒരു സ്ഥലം തേടി പശ്ഛിമഘട്ടത്തിന്‍ കരിനീല വനപ്രദേശത്തെത്തി. അവിടെ വരുണ ദേവന്‍ പരശുരാമന്‍ പ്രത്യക്ഷനായി, കടലില്‍ "പരശു' എറിഞ്ഞു ഭൂമി എടുത്തു കൊളളാന്‍ പറഞ്ഞു. അങ്ങനെ അറബികടലില്‍ പരശുരാമന്‍ പരശു എറിഞ്ഞു ഉണ്ടായതാണ് കേരളം എന്നാണ് ഐതീഹ്യം.
     ഭൂമിശാസ്ത്രപരമായും, കേരളം ഉണ്ടായത് സമുദ്രത്തിന്‍െറ ഒരു ഭാഗം ഉയര്‍ന്നു വന്നിട്ടാണ് എന്നതു രസാവഹമാണ്. കേരളം എന്ന പേരിനുമുണ്ടു പല കഥകളും, കേരളം എന്നാല്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടത് എന്നു അര്‍ത്ഥം വരുന്നു എന്നും, അതല്ല. കേരം എന്നാല്‍ സംസ്കൃത ഭാഷയില്‍ നാളീകേരം അഥവാ തേങ്ങ എന്നര്‍ത്ഥം. തെങ്ങുകളുടെ നാടായതുകൊണ്ടാണ് കേരളം എന്ന പേര് എന്നും, ചേര രാജാക്കന്മാരുടെ അധീനതയിലായതുകൊണ്ടു ചേരളം എന്നതു പിന്നീട് കേരളം എന്നായതാണ് എന്നൊക്കെ കുറെ കഥകളുണ്ട്.
     എന്തൊക്കെയായാലും കൊച്ചു കേരളം ദക്ഷിണേന്ത്യയുടെ മറ്റു മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നും പല കാര്യങ്ങളിലുമായി വേറിട്ടു നില്‍ക്കുന്നു എന്നതു ഒരു പരമാര്‍ത്ഥമാണ്. കേരളത്തിന്‍െറ ഭാഷ മലയാളം - മലയാളികള്‍ സംസാരിക്കുന്ന ഭാഷ, മലയാളം മലയെ ആളുന്നവരുടെ മൊഴിയാണിത്. ഏതായാലും ഈ കാര്യത്തില്‍ തര്‍ക്കത്തിനും വാദത്തിനും സ്ഥാനം വളരെ കുറവാണ്.

കൈരളിയുടെ ചരിത്രം

     ആര്യ -ദ്രാവിഡ സംസ്ക്കാരങ്ങളുടെ സമ്മിശ്ര ഘടനയാണ് കേരളത്തിലുണ്ടായിരുന്നത്. "മരുമക്കത്തായം". ഇതില്‍ സ്ത്രീകള്‍ക്കാണ് കൂടുതല്‍ അധികാരം. അതായത് സ്വത്തവകാശം സ്ത്രീകള്‍ക്കുമാത്രമായിരുന്നു. മാത്രമല്ല. പുട മുറി, പുടവമുറി വിവാഹങ്ങള്‍ക്കായിരുന്നു മുന്‍തൂക്കം. ഭര്‍ത്താവിനെ വേണ്ടെന്ന് വയ്ക്കാന്‍ പോലും അന്നു കേരളത്തിലെ സ്ത്രീകള്‍ക്ക് നല്ല സ്വാതന്ത്ര്യം ഉണ്ടായിരുന്നു.
      പുരോഹിത വര്‍ഗ്ഗം നമ്പൂതിരിമാരായിരുന്നു. ഇവരുടെ ഭടന്മാര്‍ നായന്മാര്‍ . നാട്ടുരാജ്യങ്ങള്‍ അന്യോന്യം യുദ്ധം ചെയ്യുമ്പോള്‍ കൊല്ലുക അല്ലെങ്കില്‍ മരിക്കുക. എന്നീ നിലകളിലുള്ള "ചാവേര്‍പട നായന്മാരും" ഉണ്ടായിരുന്നു. വിദേശസഞ്ചാരികള്‍ ഇവരെക്കുറിച്ചു അത്ഭുതം കൂറി എഴുതിയിട്ടുണ്ട്.
     കേരളത്തിലെ സുഗന്ധദ്രവ്യങ്ങള്‍ ലോകത്തെ ഇങ്ങോട്ടാകര്‍ഷിച്ചു. 16ാം നൂറ്റാണ്ടുവരെ അറബികള്‍ കേരളവുമായി കച്ചവടം നടത്തിയിരുന്നു. പ്രത്യേകിച്ചും കുരുമുളക്. അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടെ ദിഗ്വിജയത്തിനു ശേഷം കേരളം പ്രധാന കച്ചവടകേന്ദ്രമായി. മധ്യകിഴക്കന്‍, മെഡിറ്ററേനിയന്‍, ചൈന. ഈ രാജ്യങ്ങളുമായുള്ള കച്ചവട ബന്ധം കേരളത്തിന്‍െറ സന്പദ്ഘടനയിലും, സാമൂഹ്യ, സാംസ്കാരിക ഘടനയിലും ഉണ്ടാക്കിയ വ്യതിയാനങ്ങള്‍ കുറച്ചൊന്നുമല്ല. ചീന വലയും, വീടുകളുടെ വാസ്തുരീതിയിലും ചീന ശൈലികള്‍ കടന്നുവന്നിട്ടുണ്ട്.
  1498-ല്‍ പോര്‍ട്ടുഗീസുകാരായ, വാസ്ക്കോഡ ഗാമ മലബാറില്‍ കാലുകുത്തിയതിനുശേഷം കേരളചരിത്രത്തില്‍ വലിയ മാറ്റങ്ങളുണ്ടായി. അതിനുശേഷം, ഡച്ചുകാരും, ഫ്രഞ്ചുകാരും 1599 ല്‍ ഇംഗ്ളീഷ് ഈസ്റ്റിന്ത്യാക്കാരും ബ്രിട്ടിഷുകാരും പുറകെയെത്തി. പോര്‍ച്ചുഗീസുകാരുടെ വരവു കേരളത്തില്‍ ക്രൈസ്തവ ചിന്തകളെ വിത്തിട്ട് വളര്‍ത്തി പരിപോഷിപ്പിച്ചു. ഡച്ചുകാര്‍ കച്ചവടക്കാരായി തന്നെ നിന്നു. ഫ്രഞ്ചുകാരും .
     1599 ല്‍ ഇംഗ്ളീഷ് ഈസ്റ്റിന്ത്യാ കമ്പനി സ്ഥാപിച്ചു കച്ചവടം ഉറപ്പിച്ചപ്പോള്‍ ഇന്ത്യയില്‍ ആധിപത്യം സ്ഥാപിച്ചപ്പോള്‍ പ്രധാന വിഭവം കേരളത്തിലെ കുരുമുളകായിരുന്നു. 1723, രാജാ മാര്‍ത്താണ്ഡവര്‍മ്മയു മായി ഒരു ഉടന്പടിയുണ്ടാക്കി ഈസ്റ്റിന്ത്യാകന്പനി. ഇതിനിടയ്ക്ക് കേരളത്തില്‍ അറബികളുടെ വരവും മറ്റും ഇസ്ളാമീയ വിശ്വാസങ്ങള്‍ക്ക് ഉറച്ച ഒരു കോട്ടയായി. ബ്രീട്ടിഷുക്കാര്‍ക്ക് തലവേദനയായിരുന്ന ഹൈദരാലിയും മകന്‍ ടിപ്പുസുല്‍ത്താനും കേരളത്തെ കുറെ പ്രാവശ്യം ആക്രമിച്ചു. ഇതില്‍ കേരളത്തിന്‍െറ തനതു പൈതൃകമായ അന്പലങ്ങളും മറ്റും തകര്‍ന്നു തരിപ്പണമായി. 1947 ബ്രിട്ടീഷുക്കാര്‍ ഇന്ത്യ വിടും വരെ കേരളത്തിന്‍െറ സന്പദ്ഘടന നേരിട്ടോ അല്ലാതയോ അവരുടെ കയ്യിലായിരുന്നു എന്നത് ശ്രദ്ധേയമാണ്.
     1947 നു ശേഷം 1949 ല്‍ തിരുവിതാംകൂര്‍ കൊച്ചി - രാജ്യങ്ങള്‍ ഒന്നായി. തിരു കൊച്ചി രാജ്യം രൂപീകരിക്കപ്പെട്ടു. 1956 നവംബര്‍ 1ന് ഇന്നത്തെ കേരള സംസ്ഥാനം രൂപീകരിച്ചു. നാട്ടുരാജ്യങ്ങള്‍ ഇല്ലാതായി. മലബാര്‍ മദ്രാസ് പ്രസിഡന്‍സി കീഴിലായിരുന്നു. 1985ല്‍ അതും കേരളത്തില്‍ ലയിച്ചു. കേരളത്തിന്‍െറ സാക്ഷരതാ പരിപൂര്‍ണ്ണതയ്ക്ക്, കമ്മ്യൂണിസം നല്ലൊരു പാതയൊരുക്കി.


കേരളം-ചരിത്രത്താളുകളില്‍


    കേരളം എന്ന വാക്ക്‌ എവിടെ നിന്നുണ്ടായി എന്നതിനെപ്പറ്റി പണ്ഡിതന്മാര്‍ പലതരം വാദങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്‌. കേരളത്തിന്റെ പേരിനെപ്പറ്റി അഭിപ്രായയൈക്യമില്ലെങ്കിലും 'ചേര്‍' (കര, ചെളി...) 'അളം' (പ്രദേശം) എന്നീ വാക്കുകള്‍ ചേര്‍ന്നാണ്‌ 'കേരളം' ഉണ്ടായതെന്ന വാദമാണ്‌ പൊതുവെ സ്വീകരിക്കപ്പെട്ടിട്ടുള്ളത്‌. കടലില്‍ നിന്നുണ്ടായ ഭൂപ്രദേശമെന്നും പര്‍വതവും കടലും തമ്മില്‍ ചേരുന്ന പ്രദേശമെന്നുമുള്ള അര്‍ത്ഥങ്ങള്‍ ഈ വാക്കുകള്‍ സൂചിപ്പിക്കുന്നു. പ്രാചീന വിദേശ സഞ്ചാരികള്‍ കേരളത്തെ 'മലബാര്‍' എന്നും വിളിച്ചിട്ടുണ്ട്‌.
     ആയിരക്കണക്കിനു വര്‍ഷം മുമ്പു തന്നെ കേരളത്തില്‍ മനുഷ്യവാസം ആരംഭിച്ചിരുന്നു. മലയോരങ്ങളിലാണ്‌ ആദ്യമായി മനുഷ്യവാസം തുടങ്ങിയത്‌. പ്രാചീന ശിലായുഗത്തിലെ ഏതാനും അവശിഷ്ടങ്ങള്‍ കേരളത്തിലെ ചില പ്രദേശങ്ങളില്‍ നിന്നു കിട്ടിയിട്ടുണ്ട്‌. ഈ പ്രാക്‌ ചരിത്രാവശിഷ്ടങ്ങള്‍ കഴിഞ്ഞാല്‍ കേരളത്തിലെ മനുഷ്യവാസത്തെപ്പറ്റി വിപുലമായ തെളിവുകള്‍ നല്‍കുന്നത്‌ മഹാശിലാസ്‌മാരകങ്ങള്‍ (megalithic monuments) ആണ്‌. ശവപ്പറമ്പുകളാണ്‌ മിക്ക മഹാശിലാസ്‌മാരകങ്ങളും. കുടക്കല്ല്‌, തൊപ്പിക്കല്ല്‌, കന്മേശ, മുനിയറ, നന്നങ്ങാടി തുടങ്ങിയ വിവിധതരം മഹാശിലാ ശവക്കല്ലറകള്‍ കണ്ടെടുത്തിട്ടുണ്ട്‌. ബി. സി. 500 - എ.ഡി. 300 കാലമാണ്‌ ഇവയുടേതെന്നു കരുതുന്നു. മലമ്പ്രദേശങ്ങളില്‍ നിന്നാണ്‌ മഹാശിലാവശിഷ്ടങ്ങള്‍ ഏറിയപങ്കും കിട്ടിയിട്ടുള്ളത്‌ എന്നതില്‍ നിന്നും ആദിമ ജനവാസമേഖലകളും അവിടെയായിരുന്നുവെന്നു മനസ്സിലാക്കാം.
     കേരളത്തിലെ ആവാസകേന്ദ്രങ്ങള്‍ വികസിച്ചതിന്റെ അടുത്തഘട്ടം സംഘകാലമാണ്‌. പ്രാചീന തമിഴ്‌ സാഹിത്യകൃതികള്‍ ഉണ്ടായ കാലമാണിത്‌. സംഘകാലമായ എ.ഡി. മൂന്നാം നൂറ്റാണ്ടു മുതല്‍ എട്ടാം നൂറ്റാണ്ടു വരെ കേരളത്തിലേക്ക്‌ ഇന്ത്യയുടെ മറ്റു ഭാഗങ്ങളില്‍ നിന്ന്‌ കുടിയേറ്റങ്ങളുണ്ടായി. ബുദ്ധ, ജൈന മതങ്ങളും ഇക്കാലത്ത്‌ പ്രചരിച്ചു. ബ്രാഹ്മണരും കേരളത്തിലെത്തി. 64 ബ്രാഹ്മണ ഗ്രാമങ്ങള്‍ കേരളത്തിന്റെ പല ഭാഗങ്ങളിലായി ഉയര്‍ന്നു വന്നു. എ.ഡി. ഒന്നാം നൂറ്റാണ്ടില്‍ത്തന്നെ ക്രിസ്‌തുമതം കേരളത്തിലെത്തിയതായി കരുതപ്പെടുന്നു. എ. ഡി. 345-ല്‍ കാനായിലെ തോമസിന്റെ നേതൃത്വത്തില്‍ പശ്ചിമേഷ്യയില്‍ നിന്ന്‌ ഏഴു ഗോത്രങ്ങളില്‍പ്പെട്ട 400 ക്രൈസ്‌തവര്‍ എത്തിയതോടെ ക്രിസ്‌തുമതം പ്രബലമാകാന്‍ തുടങ്ങി. സമുദ്രവ്യാപാരത്തിലൂടെ അറേബ്യയുമായി ബന്ധപ്പെട്ടിരുന്ന കേരളത്തില്‍ എ. ഡി. എട്ടാം നൂറ്റാണ്ടോടെ ഇസ്‌ലാം മതവും എത്തിച്ചേര്‍ന്നു.
     തമിഴകത്തിന്റെ ഭാഗമായാണ്‌ പ്രാചീന കേരളത്തെ ചരിത്ര രചയിതാക്കള്‍ പൊതുവേ പരിഗണിക്കുന്നത്‌. കേരളത്തിലെ ജനങ്ങളും ഭൂപ്രകൃതിയുമായുള്ള ബന്ധവും ആവാസകേന്ദ്രങ്ങളുടെയും ഉത്‌പാദന സമ്പ്രദായത്തിന്റെയും ഭാഷയുടെയും വികാസവും സവിശേഷതകളും കേരളത്തിന്റെ തനതു വ്യക്തിത്വം രൂപപ്പെടാന്‍ സഹായിച്ചു. കൃഷിയിലും വിഭവങ്ങളിലുമുള്ള നിയന്ത്രണം ഇവിടെത്തന്നെ വളര്‍ന്നു വന്ന സാമൂഹികശക്തികള്‍ക്കായപ്പോള്‍ കേരളം നൂറ്റാണ്ടുകള്‍ നീണ്ടു നിന്ന സാമൂഹിക മാറ്റങ്ങള്‍ക്കു വിധേയമായി ചെറു നാടുകളുടെയും വലിയ രാജ്യങ്ങളുടെയും സവിശേഷ സാമൂഹിക സ്ഥാപനങ്ങളുടെയും രൂപപ്പെടല്‍ ഉണ്ടായി.
     സാമ്രാജ്യങ്ങളും യുദ്ധങ്ങളും ഭാഷയുടെയും സാഹിത്യത്തിന്റെയും വികാസവും വൈദേശിക ശക്തികളുടെ വരവും നീണ്ടകാലത്തെ കോളനി വാഴ്‌ചയും ജാതിവ്യവസ്ഥയും ചൂഷണവും വിദ്യാഭ്യാസപുരോഗതിയും ശാസ്‌ത്രമുന്നേറ്റവും വ്യാപാര വളര്‍ച്ചയും സാമൂഹിക നവോത്ഥാന, ജനാധിപത്യ പ്രസ്ഥാനങ്ങളുടെ ആവിര്‍ഭാവവുമെല്ലാം ചേര്‍ന്ന ചരിത്രമാണത്‌.

സിനിമയും സാഹിത്യവും

മലയാള സിനിമയുടെ നാള്‍വഴിയില്‍ സാഹിത്യലോകം നടത്തിയ ഇടപെടലുകള്‍ അതിശക്തമായിരുന്നുവെന്ന് കാണാവുന്നതാണ്. മലയാള സിനിമയുടെ പ്രാരംഭദശയില്‍തന്നെ സാഹിത്യത്തോടുള്ള ബന്ധം ആരംഭിച്ചതായി കാണാം. വിഗതകുമാരന്‍ എന്ന നിശബ്ദചിത്രത്തോടെയാണ് മലയാള സിനിമയുടെ ചരിത്രം ആരംഭിക്കുന്നത്. അഗസ്തീശ്വരം സ്വദേശിയായ ജെ.സി ദാനിയേല്‍ രചനയും ഛായാഗ്രഹണവും നിര്‍മ്മാണവും സംവിധാനവും നിര്‍വഹിച്ച ഈ ചിത്രം 1928നവംബര്‍ 7നു പുറത്തുവന്നു. കളരിപ്പയറ്റിന്റെ ആരാധകനായിരുന്ന ജെ. സി. ദാനിയേല്‍ അതിന്റെ പ്രചരണത്തിനു പറ്റിയ ഒരു കഥ സിനിമയ്ക്കുവേണ്ടി തയ്യാറാക്കുകയാണുണ്ടായത്. എന്നാല്‍ മലയാളത്തിലെ രണ്ടാമത്തെ ചിത്രമായ മാര്‍ത്താണ്ഡവര്‍മ്മ പ്രശസ്തമായ ഒരു നോവലിന്റെ അനുരൂപണമായിരുന്നു. സി. വി. രാമന്‍പിള്ളയുടെ നോവലിനെ ആധാരമാക്കി സുന്ദര്‍രാജ് നിര്‍മ്മിച്ച് വി. വി. റാവു സംവിധാനം ചെയ്ത ഈ ചിത്രം 1933ല്‍ പ്രദര്‍ശനത്തിനെത്തി. എന്നാല്‍ അധിക ദിവസം പ്രദര്‍ശിപ്പിക്കാനായില്ല. പകര്‍പ്പവകാശ നിയമം ലംഘിച്ചതിന്റെ പേരില്‍ സിനിമ നിരോധിക്കപ്പെട്ടു. സാഹിത്യകൃതി സിനിമയാക്കുന്ന പ്രവണതയ്ക്കു മലയാളത്തില്‍ തുടക്കം കുറിച്ച മാര്‍ത്താണ്ഡവര്‍മ്മ കാണാന്‍ അധികം പേര്‍ക്ക് അവസരമുണ്ടായില്ല.
1938 ല്‍ മലയാളത്തിലെ ആദ്യത്തെ ശബ്ദചിത്രമായ ബാലന്‍ പുറത്തുവന്നു. ടി. ആര്‍. സുന്ദരം നിര്‍മ്മിച്ച ഈ സിനിമ സംവിധാനം ചെയ്തത് എസ്.നൊട്ടാണിയാണ്. ഇതിന്റെ ആദ്യനിര്‍മ്മാതാവായിരുന്ന എ. സുന്ദരന്‍പിള്ള സിനിമയ്ക്കു വേണ്ടി രചിച്ച വിധിയും മിസ്സിസ്സ് നായരും എന്ന കഥ പരിഷ്ക്കരിച്ചുണ്ടായതാണ് ബാലന്‍. 1940ല്‍ പുറത്തിറങ്ങിയ ജ്ഞാനാംബിക സി. മാധവപിള്ളയുടെ നോവലിന്റെ അനുരൂപണമാണ്. എസ്. നൊട്ടാണി തന്നെ ഇതും സംവിധാനം ചെയ്തു. ഇതിനിടയില്‍ അപ്പന്‍തമ്പുരാന്റെ ഭൂതരായര്‍ എന്ന നോവല്‍ സിനിമയാക്കാന്‍വേണ്ടി അദ്ദേഹം നോവലിനെ നൂറ്റിനാല്പത്തിരണ്ട് രംഗങ്ങളായി വിഭജിച്ച് തിരക്കഥ രചിച്ചു. കഥാപാത്രങ്ങളുടെ വേഷവിധാനങ്ങളുടേയും ചിത്രീകരിക്കേണ്ട സ്ഥലങ്ങളുടേയും വിശദമായ രൂപരേഖയും തയ്യാറാക്കി. അഭിനേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് റിഹേഴ്സല്‍ നടത്തുകയും ചെയ്തു. എന്നാല്‍ സാമ്പത്തികപ്രശ്നം മൂലം ചിത്രീകരണം നടന്നില്ല. മലയാളത്തില്‍ ആദ്യമായി എഴുതപ്പെട്ടതും പ്രസിദ്ധീകരിക്കപ്പെട്ടതുമായ തിരക്കഥ അപ്പന്‍തമ്പുരാന്റെ ഭൂതരായരാണെന്ന് എം. ടി. വാസുദേവന്‍നായര്‍ പറയുന്നു.
ആദ്യകാല സിനിമയിലെ അനുരൂപണങ്ങളുടെ ചരിത്രം ഈ മൂന്നു സിനിമകളിലൊതുങ്ങുന്നു. മലയാള സിനിമയുടെ ആദ്യ കാല്‍നൂറ്റാണ്ടില്‍ അനുരൂപണങ്ങള്‍ കാര്യമായ ചലനമൊന്നുമുളവാക്കിയില്ലെന്നതാണ് യാഥാര്‍ഥ്യം. പ്രശസ്തമായ മലയാളകൃതികള്‍ സിനിമയിലേയ്ക്ക് കൊണ്ടുവരാന്‍ ശ്രമമൊന്നും നടന്നില്ല. 1950ല്‍ തിക്കുറിശ്ശി സുകുമാരന്‍നായരുടെ സ്ത്രീ എന്ന നാടകത്തെ ആസ്പദമാക്കി അതേ പേരിലുള്ള സിനിമ പുറത്ത് വരികയുണ്ടായി. നാടകത്തെ അടിസ്ഥാനമാക്കി മലയാളത്തിലുണ്ടായ ആദ്യസിനിമയെന്ന് ഇതിനെ വിശേഷിപ്പിക്കാം. ആര്‍. വേലപ്പന്‍നായരായിരുന്നു സംവിധാനം. ആദ്യകാല സിനിമളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ജീവിതനൗക, നീലക്കുയില്‍, ന്യൂസ് പേപ്പര്‍ബോയ് ഇവയൊന്നും സാഹിത്യത്തില്‍നിന്നും കടന്നുവന്നവയല്ല.
മലയാളസിനിമയും സാഹിത്യവുമായുള്ള ദൃഢമായ ബന്ധം ആരംഭിക്കുന്നത് അമ്പതുകളുടെ രണ്ടാം പകുതിയിലാണ്. 1957ല്‍ മുട്ടത്തുവര്‍ക്കിയുടെ പാടാത്ത പൈങ്കിളി എന്ന നോവല്‍ സിനിമയാക്കിക്കൊണ്ട് പി. സുബ്രമണ്യം ഇതിനു തുടക്കം കുറിച്ചു. തുടര്‍ന്നുള്ള നാലുവര്‍ഷത്തിനിടയില്‍ത്തന്നെ സാഹിത്യത്തെ ആധാരമാക്കി അഞ്ചു സിനിമകള്‍ക്ക് അദ്ദേഹം രൂപം നല്കി. ഇവയില്‍ നാലും മുട്ടത്തുവര്‍ക്കിയുടെ നോവലുകളായിരുന്നു. ഒന്ന് തകഴിയുടെ രണ്ടിടങ്ങഴി എന്ന നോവലും. അറുപതുകളോടെ സാഹിത്യകൃതി സിനിമയാക്കുന്ന പ്രവണത വ്യാപകമായി. അക്കാലത്തെ പ്രമുഖരായ സംവിധായകരും നിര്‍മ്മാതാക്കളും പ്രമേയത്തിനുവേണ്ടി കണ്ണോടിച്ചത് സാഹിത്യകൃതികളിലേക്കാണ്. രാമു കാര്യാട്ട്, കെ. എസ്. സേതുമാധവന്‍, വിന്‍സന്റ്, പി. ഭാസ്ക്കരന്‍, പി. എന്‍. മേനോന്‍, എം.കൃഷ്ണന്‍നായര്‍, പി.സുബ്രഹ്മണ്യം തുടങ്ങിയ സംവിധായകരുടേയും ടി. കെ. പരീക്കുട്ടി, ശോഭനാ പരമേശ്വരന്‍ നായര്‍, എം.. ജോസഫ്, രവി തുടങ്ങിയ നിര്‍മ്മാതാക്കളുടേയും ഒട്ടുമിക്ക സിനിമകളും അനുരൂപണങ്ങളായിരുന്നു .വൈക്കം മുഹമ്മദ് ബഷീര്‍, തകഴി, ഉറൂബ്, എസ്.കെ. പൊറ്റക്കാട്, കേശവദേവ്, എം.ടി വാസുദേവന്‍നായര്‍, പാറപ്പുറത്ത്, പൊന്‍കുന്നം വര്‍ക്കി, കെ സുരേന്ദ്രന്‍, ജി വിവേകാനന്ദന്‍, മുട്ടത്തു വര്‍ക്കി, കാനം ഇ.ജെ. ,മൊയ്തു പടിയത്ത്, തോപ്പില്‍ ഭാസി, കെ. ടി. മുഹമ്മദ് തുടങ്ങി മലയാളത്തിലെ പ്രശസ്തരായ എഴുത്തുകാരുടെ കൃതികളൊക്കെ സിനിമയിലേക്കു കടന്നുവന്നു. മിക്ക സിനിമകളുടേയും തിരക്കഥകള്‍ രചിച്ചതും സാഹിത്യകാരന്മാരായിരുന്നു. കുമാരനാശാന്റെ കരുണ, ചങ്ങമ്പുഴയുടെ രമണന്‍, എന്നീ കാവ്യങ്ങള്‍ക്കും അക്കാലത്ത് ചലച്ചിത്രാവിഷ്ക്കാരങ്ങളുണ്ടായി. അറുപതുകളിലും എഴുപതുകളുടെ ആരംഭത്തിലും മലയാളത്തിലുണ്ടായ ശ്രദ്ധേയമായ ചിത്രങ്ങളൊക്കെ അനുരൂപണങ്ങളായിരുന്നു. മുടിയനായ പുത്രന്‍, ചെമ്മീന്‍, ഭാര്‍ഗ്ഗവീനിലയം, ഇരുട്ടിന്റെ ആത്മാവ്, മുറപ്പെണ്ണ്, ഓടയില്‍നിന്ന്, തുലാഭാരം, അശ്വമേധം, കാട്ടുകുരങ്ങ്, യക്ഷി, അടിമകള്‍, കടല്‍പ്പാലം, ഓളവും തീരവും, കുട്ട്യേടത്തി, വാഴ്വേമായം, അനുഭവങ്ങള്‍ പാളിച്ചകള്‍, അരനാഴികനേരം, കള്ളിച്ചെല്ലമ്മ, കരകാണാക്കടല്‍, പണിതീരാത്ത വീട് എന്നിവയൊക്കെ ഉദാഹരണങ്ങളാണ്. ചുരുക്കത്തില്‍ മലയാള സിനിമയില്‍ സാഹിത്യം കൊടികുത്തിവാണ കാലഘട്ടമാണതെന്നു പറയാം. മികച്ച സിനിമ സൃഷ്ടിക്കാനുള്ള മാര്‍ഗ്ഗം പ്രശസ്തസാഹിത്യകൃതിയെ ആധാരമാക്കുകയാണെന്നൊരു ചിന്ത തന്നെ അക്കാലത്ത് രൂപം കൊള്ളുകയുണ്ടായി. സാഹിത്യത്തിന്റെ ഈ വന്‍സ്വാധീനം മലയാള സിനിമയില്‍ ഗുണപരമായ ഏറെ മാറ്റങ്ങള്‍ക്കു കാരണമായി.

മലയാളസാഹിത്യപ്രശ്നോത്തരി


1. മലയാളഭാഷയില്‍ ആദ്യം അച്ചടിച്ച പുസ്തകം?
-സംക്ഷേപ വേദാര്‍ത്ഥം(1772)
2. മലയാളത്തിലെ ആദ്യത്തെ യാത്രാവിവരണഗ്രന്ഥം?
-വര്‍ത്തമാനപുസ്തകം(1785--പാറേമാക്കല്‍ തോമ കത്തനാര്‍.)
3. മലയാളത്തിലെ ആദ്യ നിഘണ്ടു?
-ഡിക്ഷ്ണേറിയം മലബാറിക്കം(1746)
4. മലയാളത്തിലെ ആദ്യ സാഹിത്യമാസിക?
-വിദ്യാവിലാസിനി(1881)
5. മലയാളത്തിലെ ആദ്യ ചരിത്രാഖ്യായിക?
-മാര്‍ത്താണ്ടവര്‍മ്മ(1891-സി വി രാമന്‍പിള്ള
6. പൂര്‍ണ്ണമായി കവിതയില്‍ പ്രസ്സിദ്ധീകരിച്ച ആദ്യത്തെ മലയാള മാസിക?
-കവന കൌമുദി
7. മലയാളത്തിലെ ആദ്യത്തെ വിദ്യാഭാസ മാസിക?
-ഉപാദ്ധ്യായന്‍(1897-സി കൃഷ്ണപിള്ള)
8. മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത മഹാകാവ്യം?
-രാമചന്ദ്ര വിലാസം(അഴകത്ത് പദ്മനാഭ കുറുപ്പ്)
9. മലയാളത്തിലെ ആദ്യത്തെ സന്ദേശകാവ്യം?  
-മയൂരസന്ദേശം(കേരളവര്‍മ വലിയ കോയി തമ്പുരാന്‍)
10. മലയാളത്തിലെ ആദ്യ വിദ്യാലയ മാസിക? 
-വിദ്യാസംഗ്രഹം(1864-സിഎംഎസ്  കോളേജ്,കോട്ടയം)
1. മലയാളത്തിലെ ആദ്യത്തെ ഏകാഭാഷാ നിഘണ്ടു?
-ശബ്ദതാരാവലി(1923-ശ്രീകണ്ടേശ്വരം പദ്മനാഭപിള്ള)
2. മലയാളത്തിലെ ആദ്യത്തെ സര്‍വകലാശാല?
-തിരുവിതാംകൂര്‍ സര്‍വകലാശാല(1937.നവംബര്‍)
3. പച്ചമലയാള പ്രസ്ഥാനത്തിന് തുടക്കം കുറിച്ച കൃതി? 
-നല്ല ഭാഷ(1891-കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍)
4. മലയാളത്തിലെ ആദ്യത്തെ വിലാപ കാവ്യം?
-ഒരു വിലാപം(1902-വി സി ബാലകൃഷ്ണ പണിക്കര്‍)
5. സിനിമയാക്കിയ ആദ്യ മലയാള നോവല്‍?
-മാര്‍ത്താണ്ഡവര്‍മ്മ
6. പ്രാചീന കേരളീയ ജ്യോതിഷഗ്രന്ഥത്തിന്റെ പേരെന്ത്?
-കേരളനിര്‍ണ്ണയം (വരരുചി)
7. കേരളത്തിലെ ആദ്യത്തെ പത്രത്തിന്റെ(രാജ്യസമാചാരം) പ്രസാധകന്‍?
-ഹെര്‍മന്‍ ഗുണ്ടര്‍ട്ട്
8. ഭാരതപര്യടനം എന്ന പ്രശസ്ത നിരൂപണഗ്രന്ഥത്തിന്റെ കര്‍ത്താവ്‌?
-കുട്ടിക്കൃഷ്ണമാരാര്‍
9. ഇന്ത്യന്‍ ഭാഷകളിലെ ഏറ്റവും വലിയ നോവല്‍ ഏത്?
-അവകാശികള്‍(വിലാസിനി)
10. നളചരിതം ആട്ടക്കഥയുടെ കര്‍ത്താവ്?
-ഉണ്ണായി വാര്യര്‍
1. ആദ്യത്തെ എഴുത്തച്ഛന്‍ പുരസ്കാരജേതാവ്?
-ശൂരനാട് കുഞ്ഞന്‍പിള്ള
2. തപാല്‍ സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട ആദ്യത്തെ മലയാളകവി?
-കുമാരനാശാന്‍
3. മലയാളം ആദ്യമായി അച്ചടിച്ച 'ഹോര്‍ത്തൂസ് മലബാറിക്കസ്' എന്ന പുസ്തകം പ്രസിദ്ധീകരിച്ചത് എവിടെ നിന്ന്?
-ആംസ്റ്റര്‍ഡാം
4. ചങ്ങമ്പുഴ-യുടെ ആത്മകഥയുടെ പേര്?
-തുടിക്കുന്ന താളുകള്‍
5. 'വിശുദ്ധിയുടെ കവിത' എന്ന് വിശേഷിപ്പിക്കുന്നത് ആരുടെ കവിതകളെയാണ്?
-ബാലാമണിയമ്മയുടെ
6. 'ജീവിതപ്പാത' ആരുടെ ആത്മകഥയാണ്?
-ചെറുകാട്
7. ഇ.എം.എസ്സിന്റെ ആത്മകഥയുടെ പേര്?
-ആത്മകഥ
8. 'കേരള വാല്‍മീകി' എന്നറിയപ്പെടുന്നത് ആര്?
-വള്ളത്തോള്‍
9. ആരുടെ തൂലികാനാമമാണ്  'ശ്രീ'?
-വൈലോപ്പിള്ളി ശ്രീധരമേനോന്‍
10. എസ്.കെ.പൊറ്റക്കാടിന്റെ ശരിയായ പേര്?
-ശങ്കരന്‍കുട്ടി
1. 'കൊഴിഞ്ഞ ഇലകള്‍' ആരുടെ ആത്മകഥയാണ്?
-ജോസഫ്‌ മുണ്ടശ്ശേരി
2. 'കേരളപഴമ' രചിച്ചത്?
-ഹെര്‍മന്‍ ഗുണ്ടര്‍ട്ട്
3. 'കേരളോല്‍പത്തി'-യുടെ കര്‍ത്താവ്‌?
-ഹെര്‍മന്‍ ഗുണ്ടര്‍ട്ട്
4. മാധവിക്കുട്ടിയുടെ ആത്മകഥ?
-എന്റെ കഥ
5. വൈക്കം മുഹമ്മദ്‌ ബഷീര്‍ തിരക്കഥ എഴുതിയ ഏക സിനിമ?
-ഭാര്‍ഗവീനിലയം
6. മലയാളത്തിലെ ആദ്യത്തെ സ്വതന്ത്രനാടകം?
-കല്യാണി നാടകം
7. ഉള്ളൂര്‍ രചിച്ച മഹാകാവ്യം?
-ഉമാകേരളം
8. മഹാകാവ്യമെഴുതാതെ മഹാകവിപട്ടം നേടിയ കവി?
-കുമാരനാശാന്‍
9. മലയാളത്തിലെ ആദ്യത്തെ ജനകീയ കവി?
-കുഞ്ചന്‍ നമ്പ്യാര്‍
10. 'ത്രിലോകസഞ്ചാരി' എന്നറിയപ്പെട്ട മലയാള സാഹിത്യകാരന്‍?
-ഇ.വി.കൃഷ്ണപിള്ള
1. 'ഋതുക്കളുടെ കവി' എന്ന് അറിയപ്പെടുന്നത് ആര്?
-ചെറുശ്ശേരി
2. ചങ്ങമ്പുഴ എഴുതിയ ഒരേ ഒരു നോവല്‍?
-കളിത്തോഴി
3. വള്ളത്തോള്‍ രചിച്ച മഹാകാവ്യം?
-ചിത്രയോഗം
4. മലയാളത്തിലെ ആദ്യത്തെ ശാസ്ത്രപുസ്തകം?
-യോഗ് മിത്രം
5. കേരള തുളസീദാസന്‍ എന്നറിയപ്പെടുന്നത്? 
-വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
6. കുഞ്ചന്‍ നമ്പ്യാര്‍ രചിച്ച ആദ്യത്തെ തുള്ളല്‍ കൃതി ?
-കല്യാണസൌഗന്ധികം
7. കേരളത്തിലെ ഹെമിംഗ് വേ എന്നറിയപ്പെടുന്നത്?
-എം ടി  വാസുദേവന്‍‌ നായര്‍
8. സാഹിത്യപഞ്ചാനനന്‍ എന്നറിയപ്പെടുന്നത് ആര്?
-പി.കെ.നാരായണപിള്ള
9. 'എന്റെ നാടുകടത്തല്‍' ആരുടെ ആത്മകഥയാണ്?
-സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
10. പ്രഥമ വയലാര്‍ അവാര്‍ഡ്‌ നേടിയ കൃതി?
-അഗ്നിസാക്ഷി(ലളിതാംബിക അന്തര്‍ജ്ജനം)
1. കെ.എല്‍.മോഹനവര്‍മയും മാധവിക്കുട്ടിയും ചേര്‍ന്നെഴുതിയ നോവല്‍?
-അമാവാസി
2. കേരള മോപ്പസാങ്ങ് എന്ന് അറിയപ്പെടുന്നത് ആര്?
-തകഴി ശിവശങ്കരപ്പിള്ള  
3. മലയാളത്തിലെ ആദ്യ മണിപ്രവാള ലക്ഷണഗ്രന്ഥം?
-ലീലാതിലകം
4. മലയാളത്തിലെ ആദ്യ രാഷ്ട്രീയ നാടകം?
-പാട്ടബാക്കി
5. മലയാളത്തില്‍ ആദ്യമായി സരസ്വതീപുരസ്കാരം ലഭിച്ചത് ആര്‍ക്ക്?
-ബാലാമണിയമ്മ
6. ആദ്യത്തെ വള്ളത്തോള്‍ പുരസ്കാരം നേടിയതാര്?
-പാലാ നാരായണന്‍ നായര്‍
7. കേരള കാളിദാസന്‍ എന്നറിയപ്പെടുന്നത്?
-കേരളവര്‍മ വലിയകോയിത്തമ്പുരാന്‍
8. 'ഹോര്‍ത്തൂസ് മലബാറിക്കസ്' എന്ന കൃതിയുടെ മൂലകൃതി?
-കേരളാരാമം(ഇട്ടി അച്യുതന്‍)
9. 'വിലാസിനി'യുടെ യഥാര്‍ത്ഥ നാമം?
-മൂക്കനാട് കൃഷ്ണന്‍കുട്ടി മേനോന്‍(എം.കെ.മേനോന്‍)
10. പഴശ്ശിരാജ-യെക്കുറിച്ചുള്ള ചരിത്രനോവല്‍?
-കേരളസിംഹം(സര്‍ദാര്‍ കെ എം പണിക്കര്‍)
1. മലയാളത്തിന്റെ ആദ്യത്തെ കവി?
-ചീരാമന്‍
2. കേന്ദ്രസാഹിത്യഅക്കാദമി-യുടെ സെക്രട്ടറിയായ ആദ്യമലയാളി?
-സച്ചിദാനന്ദന്‍
3. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട കവിതാപുസ്തകം?
-രമണന്‍
4. ആധുനികകവിതയുടെ വക്താവ്?
-ഡോ.കെ.അയ്യപ്പപ്പണിക്കര്‍
5. തുഞ്ചന്‍ ദിനം ആഘോഷിക്കുന്ന ദിവസം?
-ഡിസംബര്‍ 31
6. കേരള സംഗീത നാടക അക്കാദമിയുടെ ആദ്യ ചെയര്‍മാന്‍?
-മങ്കുതമ്പുരാന്‍
7. മലയാളത്തിലെ ആദ്യത്തെ കഥാപ്രസംഗം?
-മാര്‍ക്കണ്ഡേയ ചരിത്രം
8. ആധുനിക മലയാളനാടകത്തിന്റെ പിതാവ്?
-എന്‍.കൃഷ്ണപിള്ള
9. കേരളത്തില്‍ ആദ്യമായി അച്ചടിശാല ആരംഭിച്ചത്?
-പോര്‍ച്ചുഗീസുകാര്‍
10. കേരളത്തെ സംബന്ധിപ്പിക്കുന്ന ഏറ്റവും പഴയ പരാമര്‍ശമുള്ള ഗ്രന്ഥം?     
-ഐതരേയോരണ്യകം
1. വ്യാസഭാരതത്തെ പദാനുപദമായി മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്ത കവി?
-കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍
2. മലയാളത്തില്‍ നിന്ന് അന്യഭാഷകളിലേക്ക് ഏറ്റവും കൂടുതല്‍ തവണ പരിഭാഷപ്പെടുത്തിയിട്ടുള്ള കൃതി ഏത്?
-ചെമ്മീന്‍
3. കൂടിയാട്ടത്തിന്റെ സാങ്കേതിക വ്യവസ്ഥകള്‍ വിവരിക്കുന്ന കൃതികള്‍ക്ക് പറയുന്ന പേര്?
-ആട്ടപ്രകാരം
4. വഞ്ചിപ്പാട്ടിന്റെ ഉപജ്ഞാതാവ്?
-രാമപുരത്തു വാര്യര്‍
5. മലയാളത്തിലെ ഏറ്റവും പ്രാചീന ഗ്രന്ഥം?
-രാമചരിതം പാട്ട്(ചീരാമകവി)
6. സ്നേഹഗായകന്‍ എന്നറിയപ്പെടുന്നത്?
-കുമാരനാശാന്‍
7. കേരളസ്കോട്ട് എന്നറിയപ്പെടുന്നത് ആര്?
-സി.വി.രാമന്‍പിള്ള
8. മലയാളത്തില്‍ ആദ്യമായി കഥാസരിത്‌സാഗരം വിവര്‍ത്തനം ചെയ്തത്?
-കുറ്റിപ്പുറത്ത് കിട്ടുണ്ണി നായര്‍
9. മലയാള ഭാഷയില്‍ ആദ്യമായി ആത്മകഥ എഴുതിയതാര്?
-വൈക്കത്ത് പാച്ചുമൂത്തത്
10. മലയാളത്തിലെ ആദ്യത്തെ സാമൂഹിക നാടകം?
-മറിയാമ്മ(കൊപ്പീച്ചന്‍ തരകന്‍)
1. മലയാളത്തിലെ ആദ്യത്തെ സംഗീത നാടകം?
-സദാരാമ
2. മുഹമ്മദീയ കഥയെ ആസ്പദമാക്കി മലയാളത്തിലുണ്ടായ ആദ്യ മഹാകാവ്യം?
-മാഹമ്മദം(പൊന്‍കുന്നം സെയ്ദ്‌)
3. ആദ്യത്തെ തിരുവിതാംകൂര്‍ ചരിത്രം തയ്യാറാക്കിയത്?
-വൈക്കത്ത് പാച്ചുമൂത്തത്
4. വയലാറിന്റെ സഞ്ചാര സാഹിത്യകൃതി?
പുരുഷാന്തരങ്ങളിലൂടെ
5. മലയാളത്തിലെ ആദ്യത്തെ ഹിന്ദി-മലയാള നിഘണ്ടുവിന്റെ കര്‍ത്താവ്?
-അഭയദേവ്
6. 'വാധ്യാര്‍ കഥാകാരന്‍' എന്നറിയപ്പെടുന്നത്?
-കാരൂര്‍ നീലകണ്‌ഠപിള്ള
7. കേരളസാഹിത്യഅക്കാദമിയുടെ സ്ഥാപക വര്‍ഷം?
-1956
8. രമണന്‍ എന്ന കൃതി രചിക്കാന്‍ ചങ്ങമ്പുഴയെ പ്രേരിപ്പിച്ച കൃതി?
-ഷെപ്പേര്‍ഡ് കലണ്ടര്‍
9. ഇറ്റാലിയന്‍ സര്‍ക്കാരിന്റെ 'ഓര്‍ഡര്‍ ഓഫ് ദി സ്റ്റാര്‍ ഓഫ് ഇറ്റാലിയന്‍ സോളിഡാരിറ്റി' പുരസ്ക്കാരം ലഭിച്ച മലയാളകവി?
-സച്ചിദാനന്ദന്‍ 
10.വാള്‍ട്ടര്‍ സ്കോട്ട് ഓഫ് കേരള എന്നറിയപ്പെടുന്നത് ആര്?
- സി.വി.രാമന്‍പിള്ള
1. പ്രാചീന സൌന്ദര്യശാസ്ത്രഗ്രന്ഥമായ ലീലാതിലകത്തിനും ഉണ്ണുനീലിസന്ദേശത്തിനും വ്യാഖ്യാനം രചിച്ച കേരളീയപണ്ഡിതന്‍ ആര്?
- ശൂരനാട്ട് കുഞ്ഞന്‍പിള്ള
2. സാമൂതിരിയുടെ കാലത്തുണ്ടായിരുന്ന പ്രസിദ്ധ പണ്ഡിതസദസ്സ് ഏത്?
- രേവതി പട്ടത്താനം
3. എ.ആര്‍.രാജരജവര്‍മ്മയെ അനുസ്മരിച്ച് കുമാരനാശാന്‍ രചിച്ച കാവ്യം ഏത്?
- പ്രരോദനം
4. കേരള സാഹിത്യഅക്കാദമിയുടെ ആദ്യത്തെ പ്രസിഡന്‍റ് ആര്?
- കെ.എം.പണിക്കര്‍
5. കേരള തുളസീദാസന്‍ എന്നറിയപ്പെടുന്ന സാഹിത്യകാരന്‍ ആര്?
- വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
6.മലയാളത്തിലെ ആദ്യത്തെ ബോധധാരാ നോവൽ ഏത് ?
- സ്വർഗ്ഗദൂതൻ 
7.മലയാളത്തിലെ ആദ്യത്തെ സ്വതന്ത്ര സാമൂഹികനാടകം ഏത്?
- മറിയാമ്മ നാടകം 
8.മലയാളത്തിലെ തനതു നാടകവേദി എന്നാ സങ്കല്പത്തിന്റെ ഉപജ്ഞാതാവ് ആര്?
- സി എൻ ശ്രീകണ്ഠൻ നായർ        
9.ആദ്യത്തെ തനതു നാടകം ഏത്?
- കലി 
10.മലയാളത്തിലെ ആദ്യത്തെ എക്സ്പ്രെഷനിസ്റ്റ് നാടകം ഏത്?
- സമത്വവാദി 
1.പെണ്‍ കൂട്ടായ്മയിലൂടെ കേരളത്തിലുണ്ടായ ആദ്യത്തെ നാടകം ഏത്?
- തൊഴിൽ കേന്ദ്രത്തിലേക്ക് 
2.കേരളത്തില ഏറ്റവും കൂടുതൽ അവതരിപ്പിക്കപ്പെട്ട ചവിട്ടു നാടകം ഏത്?
- കാറൽമാൻ ചരിതം 
3.സർക്കാർ നിരോധിച്ച ആദ്യത്തെ മലയാള ആനുകാലികം ഏത്?
- സന്ദിഷ്ടവാദി
4.മലയാളത്തിൽ പുസ്തക നിരൂപണം ആദ്യമായി പ്രത്യക്ഷപ്പെട്ടത് ഏതു മാസികയിൽ?
- കോട്ടയം ക്വാർട്ടർലി
5.ആദ്യത്തെ വിദ്യാഭ്യാസ മാസിക ഏത്?
- ഉപാദ്ധ്യായൻ(1898ൽ)
6.ആദ്യത്തെ ബാലസാഹിത്യ കൃതി ഏത്?
- ബാലഭൂഷണം(1867-ടെക്സ്റ്റ് ബുക്ക്‌ കമ്മിറ്റി)
7.മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയ നോവൽ ഏത്?
- പാറപ്പുറം 
8.കണ്ടുകിട്ടിയിട്ടുള്ളതിൽവച്ച് പാട്ടിന്റെ ലക്ഷണങ്ങൾ പൂർണ്ണമായും പ്രദർശിപ്പിക്കുന്ന ആദ്യത്തെ കൃതി ഏത്?
- രാമചരിതം 
9.രാമചരിതത്തിന് ആദ്യമായി വ്യാഖ്യാനം നല്കിയ പണ്ഡിതനാര്?
- ഉള്ളൂർ 
10.മഹാഭാരതത്തെ ഉപജീവിച്ചുണ്ടായ ആദ്യ കേരളീയകൃതി ഏത്?
- ഭാരതമാല 
1.ഭാരതമാല എഴുതിയത് ആര്?
- ശങ്കരപ്പണിക്കർ 
2.ഭഗവദ്ഗീതയ്ക്ക് മലയാളത്തിലുണ്ടായ ആദ്യത്തെ  വിവർത്തനം ഏത്?
- ഭാഷാഭഗവദ്ഗീത 
3.ഭാഷാഭഗവദ്ഗീതയുടെ കർത്താവ് ആര്?
- മാധവപ്പണിക്കർ 
4.പ്രാചീന മണിപ്രവാളത്തിലെ ആദ്യത്തെ കൃതി ഏത്?
- വൈശികതന്ത്രം 
5.പ്രാചീന മണിപ്രവാളത്തിലെ അവസാനത്തെ കൃതി ഏത്?
- ചന്ദ്രോത്സവം 
6.മലയാളവ്യാകരണത്തെക്കുറിച്ച് ആദ്യമായി പരാമർശിച്ച കൃതി ഏത്?
- ലീലാതിലകം 
7.മണിപ്രവാളകൃതികളിൽ കവിത്വം കൊണ്ടും പ്രാചീനത്വം കൊണ്ടും പ്രഥമസ്ഥാനം അർഹിക്കുന്ന കൃതി ഏത്?   
- ഉണ്ണുനീലിസന്ദേശം
8.ഭാഷാ ചമ്പുക്കളിലെ പ്രഥമവും പ്രധാനവുമായ കൃതി ഏത്?
- ഉണ്ണിച്ചിരുതേവീചരിതം
9.ശുദ്ധമലയാളത്തിൽ രചിക്കപ്പെട്ട ആദ്യത്തെ കാവ്യം ഏത്?
- കൃഷ്ണഗാഥ
10.ഗാഥാപ്രസ്ഥാനത്തിലെ ആദ്യ കൃതി ഏത്?
- കൃഷ്ണഗാഥ
1.അദ്ധ്യാത്മരാമായണം ആദ്യമുദ്രണം നടത്തിയത് എവിടെ?
- വിദ്യാവിലാസം അച്ചുകുടം
2.കീര്‍ത്തന സാഹിത്യത്തിലെ കീര്‍ത്തി പതാക എന്നറിയപ്പെടുന്ന കവിയാര്?
- പൂന്താനം 
3.മലയാളത്തിലെ ആദ്യത്തെ ജനകീയ മഹാകാവ്യം ഏത് ?
- കൃഷ്ണഗാഥ 
4.ക്രൈസ്തവസാഹിത്യത്തിലെ മഹാഭാരതം എന്ന് വിശേഷിപ്പിക്കാവുന്ന മഹാകാവ്യം ഏത്?
- വേദവിഹാരം 
5.വേദവിഹാരം എന്നാ കാവ്യത്തിന്‍റെ രചന നിര്‍വഹിച്ചത് ആര്?
- സൈമണ്‍
6.ആട്ടക്കഥ രചിച്ച ഒരേയൊരു വനിത ആര്?
- കുഞ്ഞിക്കുട്ടിത്തങ്കച്ചി
7.ആദ്യത്തെ പച്ചമലയാളപ്രസ്ഥാന കൃതി ഏത്?
- നല്ല ഭാഷ 
8.മലയാളഭാഷയിലെ ആദ്യത്തെ യാത്രാവിവരണകാവ്യം എന്നറിയപ്പെടുന്ന കൃതി ഏത്?
-അഷ്ടമിയാത്ര
9.കവിസാര്‍വ്വഭൌമന്‍ എന്നാ പേരില്‍ അറിയപ്പെടുന്ന എഴുത്തുകാരന്‍ ആര്?
-കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ത്തമ്പുരാന്‍
10.മലയാള മാസങ്ങളെ വര്‍ണിക്കുന്ന കൃതി ഏത്?
-മലയാംകൊല്ലം(കൊച്ചുണ്ണിത്തമ്പുരാന്‍ )

മലയാളസാഹിത്യം


മലയാളഭാഷയിലുള്ള സാഹിത്യമാണ് മലയാള സാഹിത്യം. ആയിരക്കണക്കിന് പദ്യകൃതികളാലും ഗദ്യകൃതികളാലും സമ്പുഷ്ടമാണ് മലയാള സാഹിത്യം.

നിരുക്തം


സഹിതസ്വഭാവമുള്ളത് സാഹിത്യം. പരസ്പരാപേക്ഷയുള്ള അനേകം കാര്യങ്ങൾ ഒന്നിച്ചു ചേരുന്നതിനെയാണ് സാഹിത്യം എന്ന് പറയുന്നത്. ഭാഷ മാധ്യമമായുള്ള കലാരൂപം എന്ന് സാഹിത്യത്തെ നിർവചിക്കാറുണ്ട്. മലയാള ഭാഷയിലുള്ള സാഹിത്യമായതിനാൽ മലയാള സാഹിത്യം എന്ന് പേര്.

ചരിത്രം


പ്രാചീന മലയാളസാഹിത്യം

എഴുത്തച്ഛനു മുൻപുള്ള കാലത്തെ മലയാള സാഹിത്യത്തെയാണ് പ്രാചീന മലയാളസാഹിത്യം എന്ന് വിവക്ഷിക്കുന്നത്. പ്രാചീനകാലത്ത്, കരിന്തമിഴിൽ സംസ്കൃതം കലർന്ന ഒരു മിശ്രഭാഷയായിട്ടായിരുന്നു മലയാളം നിലനിന്നിരുന്നത്. പ്രാചീനമലയാളകാലത്തെ ഭാഷാശാസ്ത്രജ്ഞർ രണ്ടു ഘട്ടങ്ങളായി തിരിച്ചിട്ടുണ്ട്. കരിന്തമിഴ് കാലമെന്നും മലയാണ്മക്കാലമെന്നും.


കരിന്തമിഴ് കാലം

പഴന്തമിഴിന്റെ അതിപ്രസരമുള്ള കാലഘട്ടമാണ് കരിന്തമിഴ് കാലം. 'രാമചരിതം' എന്ന കൃതിക്ക് മുൻപുള്ള കാലഘട്ടമാണിത്. ഈ കാലഘട്ടത്തെ വിവക്ഷിക്കാൻ പൂർവപ്രാചീനമെന്നും, പതതന്ത്രകാലമെന്നും മറ്റു പലപേരുകളും ഭാഷാശാസ്ത്രജ്ഞർ ഉപയോഗിക്കുന്നു. മലയാളഭാഷയുടെ ശൈശവത്തെക്കുറിക്കുന്ന ഈ കാലഘട്ടത്തിൽ സാഹിത്യകൃതികളെപ്പറ്റി വ്യക്തമായ അറിവില്ല. വൈദികവിഷയത്തിലുള്ള ചില പാട്ടുകൾ ഉണ്ടായിട്ടുണ്ടെന്ന് പറയപ്പെടുന്നു.

മലയാണ്മക്കാലം

പഴന്തമിഴിൽ നിന്ന് വേറിട്ട് മലയാളം സ്വതന്ത്രഭാഷയഅയി രൂപപ്പെട്ടുതുടങ്ങിയ കാലഘട്ടമാണിത്. ഇവിടം മുതലാണ് ഒരുവിധം വ്യക്തമായ മലയാളസാഹിത്യചരിത്രം ആരംഭിക്കുന്നത്. ' രാമചരിത'ത്തിന്റെ രചനാകാലമാണിത്. ആദിദ്രാവിഡഭാഷയും സംസ്കൃതവും കലർന്ന 'മണിപ്രവാള'രൂപത്തിലായിരുന്നു ഈ കാലഘട്ടത്തിലെ സാഹിത്യസൃഷ്ടികൾ. മണിപ്രവാളസാഹിത്യത്തിന്റെ ലക്ഷണഗ്രന്ഥമായ 'ലീലാതിലകം' ആവിർഭവിച്ചത് ഈ കാലഘട്ടത്തിലാണ്. "ഭാഷാ സംസ്കൃതയോഗോ മണിപ്രവാളം" എന്ന് മണിപ്രവാളത്തിന് ലീലാതിലകത്തിൽ ലക്ഷണവും കല്പിച്ചിട്ടുണ്ട്. "ദ്രമിഡസംഘാക്ഷരമെതുകമോന വൃത്തവിശേഷയുക്തം പാട്ട്" എന്ന് പാട്ടിന്റെ ലക്ഷണവും. പ്രാചീനമലയാളത്തെ സംബന്ധിച്ചിടത്തോളം പാട്ടിനും മണിപ്രവാളത്തിനും ലക്ഷണം കല്പിച്ചിരിക്കുന്നത് ശ്രദ്ധേയമാണ്.

    പതിനാലാം ശതകം

പതിനാലാം ശതകമായപ്പോൾ പ്രാചീനമലയാളമായ മലയാണ്മ (മലയാഴ്മ) സാഹിത്യകൃതികളാൽ സമ്പന്നമാകാൻ തുടങ്ങി. അച്ചിചരിതങ്ങളും സന്ദേശകാവ്യങ്ങളും ചമ്പുക്കളും ധാരാളമുണ്ടായി. പക്ഷേ, ഈ കൃതികളെക്കുറിച്ചുള്ള പൂർണ വിവരങ്ങൾ അവ്യക്തമായിത്തന്നെ നിൽക്കുന്നു.

    പതിനഞ്ചാം ശതകം

പതിനഞ്ചാം ശതകമായപ്പോൾ പ്രാചീനമലയാളത്തിൽ മറ്റു ചില സവിശേഷതകൾ പ്രത്യക്ഷപ്പെട്ടുതുടങ്ങി. പാട്ടും, മണിപ്രവാളവും നിലനിൽക്കുന്ന കാലഘട്ടത്തിൽത്തന്നെ ഇവ രണ്ടിലും പെടാത്ത കൃതികൾ ആവിർഭവിച്ചു. നിരണം കവികളെന്നും കണ്ണശ്ശന്മാരെന്നും പ്രസിദ്ധരായ നിരണത്ത് രാമപ്പണിക്കർ, വെള്ളാളല്ലൂർ ശങ്കരപ്പണിക്കർ, മലയിൻകീഴ് മാധവപ്പണിക്കർ എന്നീ മൂന്നുപേരുടെ രചനകൾ ശ്രദ്ധേയമാണ്. കണ്ണശ്ശരാമായണം, ഭാരതം, ഭാഗവതം, ശിവരാത്രിമാഹാത്മ്യം എന്നിവ രാമപ്പണിക്കരുടെയും ഭാരതമാല ശങ്കരപ്പണിക്കരുടെയും ഭഗവത്ഗീത മാധവപ്പണിക്കരുടെയും കൃതികളാണെന്ന് കരുതുന്നു. പഴന്തമിഴും സംസ്കൃതവും കൂടിക്കലർന്ന ഭാഷാരീതിയായിരുന്നു നിരണം കൃതികളിലും ഉണ്ടായിരുന്നത്. ശ്രീവല്ലഭകീർത്തനം, നളചരിതം പാട്ട് തുടങ്ങിയ കൃതികളും ഈ കാലഘട്ടത്തിലുണ്ടായ മറ്റ് പാട്ടുകൃതികളാണ്.

പ്രാചീനമലയാളത്തിലെതന്നെ മറ്റൊരു കൃതിയാണ് ചെറുശ്ശേരിയുടെ 'കൃഷ്ണഗാഥ'. നിരണം കവികൾക്കുശേഷം പതിനഞ്ചാം നൂറ്റാണ്ടിലുണ്ടായ കൃതിയായി ഇതിനെ കരുതുന്നു. മണിപ്രവാളത്തിൽനിന്നും അകന്ന ശുദ്ധമായ മലയാളത്തിൽ രചിക്കപ്പെട്ട മഹാകാവ്യമാണ് കൃഷ്ണഗാഥ. ശുദ്ധമലയാളത്തിൽ ചമയ്ക്കപ്പെട്ട ആദ്യകാവ്യമായാണ് കൃഷ്ണഗാഥ പരിഗണിക്കപ്പെടുന്നത്.

പതിനേഴാം ശതകം മുതലുള്ള കാലഘട്ടത്തെ മലയാള കാലം എന്നു ഭാഷാശാസ്ത്രജ്ഞർ വിശേഷിപ്പിച്ചുകാണുന്നു. ഭാഷയുടെ നവീനകാലമാണിത്.

നവീന മലയാളസാഹിത്യം

ക്ലാസിക്കൽ കാലഘട്ടം

ചെറുശ്ശേരിനമ്പൂതിരിയുടെ കൃഷ്ണഗാഥ മലയാളസാഹിത്യത്തിന്റെ ക്ലാസിക്കൽ കാലഘട്ടത്തിന് തുടക്കം കുറിച്ചു എന്ന് പറയാം. എങ്കിലും, കൈരളിയെ ആധുനിക ദശകങ്ങളിലേക്ക് കൈപിടിച്ചുനടത്തിയതിന്റെ മുഴുവൻ പ്രശംസയും ചെന്നുചേരുന്നത് തുഞ്ചത്തെഴുത്തച്ഛനിലാണ്. ഭക്തിപ്രസ്ഥാനത്തിന്റെ വക്താവും പ്രയോക്താവുമായിരുന്ന അദ്ദേഹം ഇന്ന് 'മലയാളഭാഷയുടെ പിതാവ്' എന്ന് പ്രകീർത്തിക്കപ്പെടുന്നു. കിളിപ്പാട്ട് പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ എഴുത്തച്ഛന്റെ പ്രധാന കൃതികൾ മഹാഭാരതം കിളിപ്പാട്ട്, അദ്ധ്യാത്മരാമായണം കിളിപ്പാട്ട്, ഇരുപത്തിനാലുവൃത്തം, ഹരിനാമകീർത്തനം എന്നിവയാണ്.

പൂന്താനത്തിന്റെ 'ജ്ഞാനപ്പാന'യും കീർത്തനങ്ങളും ഭക്തിപ്രസ്ഥാനത്തിന് ശക്തിപകർന്നു. ഉണ്ണായിവാര്യർ, കോട്ടയത്തു തമ്പുരാൻ, ഇരയിമ്മൻ തമ്പി തുടങ്ങിയവരുടെ ആട്ടക്കഥകളും മലയാളസാഹിത്യത്തെ പോഷിപ്പിച്ചു. തുള്ളൽ പ്രസ്ഥാനത്തിന്റെ വ്യവസ്ഥാപകനായ കുഞ്ചൻ നമ്പ്യാർ പതിനെട്ടാം നൂറ്റാണ്ടിലെ മലയാളഭാഷയെയും സാഹിത്യത്തെയും ഫലിതപ്രധാനമായ ആഖ്യാനശൈലിയാൽ സമ്പുഷ്ടമാക്കി. കുചേലവൃത്തം വഞ്ചിപ്പാട്ടെന്ന ഒറ്റ കൃതികൊണ്ടുതന്നെ രാമപുരത്തു വാര്യർ മലയാള സാഹിത്യചരിത്രത്തിൽ ചിരപ്രതിഷ്ഠ നേടി. വെണ്മണിക്കവികളുടെ 'പച്ചമലയാളം' രീതി ഭാഷാസാഹിത്യത്തിന് ആധുനികതയിലേക്കുള്ള പാത വെട്ടിത്തെളിച്ചു.

ആധുനിക കാലഘട്ടം

പദ്യസാഹിത്യത്തോടൊപ്പം ഗദ്യസാഹിത്യവും ശക്തിപ്രാപിച്ച കാലഘട്ടമാണിത്. സാഹിത്യം, വ്യാകരണം എന്നിവയിൽ കേരളവർമ വലിയകോയിത്തമ്പുരാൻ, എ.ആർ. രാജരാജവർമ തുടങ്ങിയവരുടെ സംഭാവനകൾ മഹത്തരമാണ്. ഇവരിരുവരും രണ്ടുപക്ഷത്തുനിന്ന് നയിച്ച ദ്വിതീയാക്ഷരപ്രാസവാദം ചൂടേറിയ സാഹിത്യചർച്ചകൾക്കും കേശവീയം പോലെയുള്ള മികച്ച കൃതികളുടെ ജനനത്തിനും കാരണമായിത്തീർന്നു.

'കവിത്രയം' എന്നറിയപ്പെടുന്ന കുമാരനാശാൻ, ഉള്ളൂർ എസ്. പരമേശ്വരയ്യർ, വള്ളത്തോൾ നാരായണമേനോൻ എന്നിവരുടെ കൃതികളും മലയാളസാഹിത്യത്തെ സമ്പന്നമാക്കി.

ഇടപ്പള്ളിയുടെയും ചങ്ങമ്പുഴയുടെയും ഭാവഗീതങ്ങളും,വൈലോപ്പിള്ളിയുടെയും, ജി. ശങ്കരക്കുറുപ്പിന്റെയും ഇടശ്ശേരിയുടെയും കവിതകളും മലയാളപദ്യസാഹിത്യത്തെ പരിപോഷിപ്പിച്ചു.

ഉത്തരാധുനിക കാലഘട്ടം


പരമ്പരാഗതരീതികളിൽനിന്നുള്ള ഒരു സമൂല പരിവർത്തനം ഈ കാലഘട്ടത്തിലെ സാഹിത്യസൃഷ്ടികളിൽ കാണാൻ കഴിയും. ഉത്തരാധുനികസാഹിത്യകൃതികൾ ഏതൊക്കെയെന്ന കാര്യത്തിൽ നിരൂപക രുടെ ഇട് യിൽ] ഭിന്നാഭിപ്രായ് മാണുള്ളത്.

ആധുനിക കാലഘട്ടം

പദ്യസാഹിത്യത്തോടൊപ്പം ഗദ്യസാഹിത്യവും ശക്തിപ്രാപിച്ച കാലഘട്ടമാണിത്. സാഹിത്യം, വ്യാകരണം എന്നിവയിൽ കേരളവർമ വലിയകോയിത്തമ്പുരാൻ, എ.ആർ. രാജരാജവർമ തുടങ്ങിയവരുടെ സംഭാവനകൾ മഹത്തരമാണ്. ഇവരിരുവരും രണ്ടുപക്ഷത്തുനിന്ന് നയിച്ച ദ്വിതീയാക്ഷരപ്രാസവാദം ചൂടേറിയ സാഹിത്യചർച്ചകൾക്കും കേശവീയം പോലെയുള്ള മികച്ച കൃതികളുടെ ജനനത്തിനും കാരണമായിത്തീർന്നു.

'കവിത്രയം' എന്നറിയപ്പെടുന്ന കുമാരനാശാൻ, ഉള്ളൂർ എസ്. പരമേശ്വരയ്യർ, വള്ളത്തോൾ നാരായണമേനോൻ എന്നിവരുടെ കൃതികളും മലയാളസാഹിത്യത്തെ സമ്പന്നമാക്കി.

ഇടപ്പള്ളിയുടെയും ചങ്ങമ്പുഴയുടെയും ഭാവഗീതങ്ങളും,വൈലോപ്പിള്ളിയുടെയും, ജി. ശങ്കരക്കുറുപ്പിന്റെയും ഇടശ്ശേരിയുടെയും കവിതകളും മലയാളപദ്യസാഹിത്യത്തെ പരിപോഷിപ്പിച്ചു.
ഉത്തരാധുനിക കാലഘട്ടം

പരമ്പരാഗതരീതികളിൽനിന്നുള്ള ഒരു സമൂല പരിവർത്തനം ഈ കാലഘട്ടത്തിലെ സാഹിത്യസൃഷ്ടികളിൽ കാണാൻ കഴിയും. ഉത്തരാധുനികസാഹിത്യകൃതികൾ ഏതൊക്കെയെന്ന കാര്യത്തിൽ നിരൂപക രുടെ ഇട് യിൽ] ഭിന്നാഭിപ്രായ് മാണുള്ളത്.
പദ്യസാഹിത്യം

    പ്രധാന ലേഖനം: മലയാളപദ്യസാഹിത്യചരിത്രം

മണിപ്രവാളകാലത്തെ പദ്യകൃതികൾ, ചമ്പുക്കൾ, സന്ദേശകാവ്യങ്ങൾ തുടങ്ങി ഉത്തരാധുനികകവിതകൾ വരെയെത്തിനിൽക്കുന്ന മലയാളപദ്യസാഹിത്യം അതീവ വിശാലമാണ്.
നാടൻ പാട്ടുകൾ
കവിതകൾ

എഴുത്തച്ഛനിൽ, കുമാരനാശാൻ, ഉള്ളൂർ, വള്ളത്തോൾ, ഇടപ്പള്ളി, ചങ്ങമ്പുഴ, വൈലോപ്പിള്ളി,ജി. ശങ്കരക്കുറുപ്പ്,ഇടശ്ശേരി, പി.കുഞ്ഞിരാമൻ നായർ തുടങ്ങി അനേകം കവികൾ മലയാളത്തിലുണ്ട്.
ചലച്ചിത്രഗാനങ്ങൾ

മലയാളത്തിന്റെ പദ്യസാഹിത്യത്തെ സമ്പന്നമാക്കുന്നതിൽ മലയാളചലച്ചിത്രഗാനങ്ങളും നല്ല പങ്ക് വഹിക്കുന്നു. സാഹിത്യപ്രധാനമായ അനേകം ഗാനങ്ങൾ ചലച്ചിത്രങ്ങൾക്കുവേണ്ടി രചിക്കപ്പെട്ടിട്ടുണ്ട്.
നാടകഗാനങ്ങൾ

നാടകം എന്ന കലാരൂപത്തോടനുബന്ധിച്ച് രൂപപ്പെട്ടിട്ടുള്ളവയാണ് നാടകഗാനങ്ങൾ. കെ.പി.എ.സി.യുടെ നാടകഗാനങ്ങൾ മലയാളത്തിൽ ഇന്നും പ്രശസ്തമാണ്.
ഗദ്യസാഹിത്യം
നാടകങ്ങൾ

സംസ്കൃതനാടകശൈലി പിന്തുടർന്ന് വളരെ പണ്ടുമുതൽക്കുതന്നെ മലയാളത്തിലും അനേകം നാടകങ്ങൾ ഉണ്ടായിട്ടുണ്ട്. ഗദ്യവും പദ്യവും കലർന്ന മിശ്രശൈലിയാണ് ആദ്യകാല നാടകങ്ങളിൽ സ്വീകരിച്ചിരുന്നതെങ്കിലും, പിന്നീട് അത് ഗദ്യരൂപത്തിലേക്ക് വഴിമാറി. എ.ആർ. രാജരാജവർമയുടെ 'മലയാള ശാകുന്തളം', വി.ടി. ഭട്ടതിരിപ്പാടിന്റെ സാമൂഹിക നാടകങ്ങൾ, കെ. ദാമോദരന്റെ 'പാട്ടബാക്കി', തോപ്പിൽ ഭാസി, സി.ജെ. തോമസ് തുടങ്ങിയവർ രചിച്ച നാടകങ്ങൾ എന്നിവയെല്ലാ മലയാള നാടകസാഹിത്യത്തിന്റെ മുതൽക്കൂട്ടുകളാണ്.
ചരിത്രാഖ്യായികകൾ

മലയാളത്തിൽ ചരിത്രാഖ്യായികകൾ എഴുതിയ ആദ്യത്തെ നോവലിസ്റ്റ് സി വി രാമൻപിള്ളയാണ്. തിരുവിതാം രാജവംശത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ട മൂന്നു നോവലുകളാണ് സി വി രചിച്ചിട്ടുള്ളത്. മാർത്താണ്ഡവർമ്മ(1891) ധർമ്മരാജാ (1913) രാമരാജാ ബഹദൂർ( 1918-19) എന്നിവയാണ് സി വി രചിച്ച ചരിത്ര നോവലുകൾ. മലയാള നോവൽസാഹിത്യത്തിലെ എക്കാലത്തേയും ഏറ്റവും വലിയ ആഖ്യായികാകാരന്മാരിൽ ഒരാളാണ് സി വി രാമൻ പിള്ള. ചിലപ്പതികാരം, മണിമേഖല എനീ സംഘസാഹിത്യ കൃതികളെ ഉപജീവിച്ച് ശുചീന്ദ്രം പി. താണുപിള്ള രചിച്ചതാണ് ചെങ്കുട്ടുവൻ അഥവാ ഏ ഡി രണ്ടാം ശതകത്തിലെ ഒരു ചക്രവർത്തി എന്ന കൃതി . പിന്നീട് പെരുമാൾ വാഴ്ചയെ ആധാരമാക്കി അപ്പൻ തമ്പുരാൻ രചിച്ച ഭൂതരായർ (1923) ഐതിഹ്യാധിഷ്ഠിത കല്പിതകഥകളിൽ മികച്ച ഒന്നായി കണക്കാക്കപ്പെടുന്നു. ആദികേരള സമൂഹത്തിന്റെ ആചാര സംസ്കൃതികളെ പണ്ഡിതോചിതമായി ആവിഷ്കരിക്കാൻ ഈ നോവലിൽ അപ്പൻ തമ്പുരാനു കഴിഞ്ഞിട്ടുണ്ട്. ഭൂതരായരെ അനുകരിച്ച് കെ രാമൻ നമ്പ്യാർ രചിച്ച കൃതിയാണ് ഗോദവർമ്മ(1923) . അമ്പാടി നാരായണപ്പൊതുവാളിന്റെ കേരളപുത്രൻ(1925) ആണ് പെരുമാൾ ഭരണകാലത്തിന്റെ ചരിത്രപശ്ചാത്തലത്തിൽ എഴുതപ്പെട്ട മറ്റൊരു കൃതി. ഭൂതരായരെ പലനിലയിലും ഓർമ്മിപ്പിക്കുന്ന ഒരു കൃതിയാണിതെന്ന് പണ്ഡിതന്മാർ സൂചിപ്പിക്കുന്നു. മാർത്താണ്ഡവർമ്മയ്ക്കു മുൻപ് പത്മനാഭപുരം രാജധാനിയാക്കി വേണാട്ടു വാണിരുന്ന രാജാക്കന്മാരുടെ കാലമാണ് വിദ്വാൻ ജി ആർ വെങ്കിട വരദ അയ്യങ്കാരുടെ കേരളചക്രവർത്തി ഉദയമാർത്താണ്ഡൻ(1930) എന്ന കൃതിയുടെ വിഷയം. ചരിത്രപരമായ അംശങ്ങൾ തീരെയില്ലെന്നു തന്നെ പറയാവുന്ന ഈ കൃതിയെ വെറും റൊമാൻസ് കൃതിയെന്നാണ് വിശേഷിപ്പിക്കേണ്ടതെന്നും ചില നിരൂപകർക്ക് അഭിപ്രായമുണ്ട്. കപ്പന കൃഷ്ണമേനോൻ ചേരമാൻ പെരുമാൾ, വള്ളിയംബ റാണി മുതലായ ചരിത്രസ്പർശമുള്ള കൃതികൾ രചിച്ചതിനുപുറമേ കേരളവർമ്മ പഴശ്ശിരാജാ എന്നൊരു ചരിത്രനാടകവും രചിയ്ക്കുകയുണ്ടായി. ശങ്കരാചാര്യർ കഥാപാത്രമായി കടന്നു വരുന്ന കൃഷ്ണമേനോന്റെ ചേരമാൻ പെരുമാൾ ഒടുവിലത്തെ ചേരചക്രവർത്തിയാണെന്നു കരുതപ്പെടുന്ന പെരുമാളിനെ സംബന്ധിച്ച ഐതിഹ്യത്തെ ആസ്പദമാക്കി രചിച്ച കൃതിയാണ്. വയനാടിന്റെ പശ്ചാത്തലത്തിൽ യാതൊരു ചരിത്രമോ ഐതിഹ്യമോ അടിസ്ഥാനമാക്കാതെ രചിച്ച ഒരു വെറും റൊമാൻസ് മാത്രമാണ് കപ്പന കൃഷ്ണമേനോന്റെ വള്ളിയംബറാണിയെന്ന് പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു [1]
ചെറുകഥകൾ

മലയാള സാഹിത്യത്തിൽ തനതായ സ്ഥാനം നേടിയ സാഹിത്യ ശാഖയാണ് ചെറുകഥ. വേങയിൽ കുഞ്ഞിരാമൻ നായരുടെ വാസനാവികൃതിയാണ് മലയാളത്തിലെ ആദ്യ ചെറുകഥ.
നോവലുകൾ

അപ്പു നെടുങ്ങാടിയുടെ കുന്തലതയാണ് മലയാളത്തിലെ ആദ്യത്തെ നോവലായി കണക്കാക്കപെടുന്നത്. ഒ. ചന്തുമേനോന്റെ 'ഇന്ദുലേഖ' എന്ന നോവലാണ് മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവൽ. കേശവദേവ്, തകഴി, ഉറൂബ്, എം.ടി. വാസുദേവൻ നായർ, ഒ.വി. വിജയൻ, ആനന്ദ്, എം. മുകുന്ദൻ, സാറാ ജോസഫ് തുടങ്ങി പ്രശസ്തരായ അനേകം മലയാള നോവലിസ്റ്റുകളുണ്ട്.
നിരൂപണങ്ങൾ

സാഹിത്യഗ്രന്ഥങ്ങളുടെ നിരൂപണങ്ങളും വിമർശങ്ങളും സാഹിത്യത്തിന് മുതൽക്കൂട്ടായിട്ടുണ്ട്. ജോസഫ് മുണ്ടശ്ശേരി, സുകുമാർ അഴീക്കോട് തുടങ്ങിയവർ രചിച്ച നിരൂപണഗ്രന്ഥങ്ങൾ പ്രശസ്തമാണ്.
യാത്രാവിവരണങ്ങൾ

സഞ്ചാരസാഹിത്യമെന്ന സാഹിത്യശാഖയിൽ വരുന്നവയാണ് യാത്രാവിവരണങ്ങൾ. പാറേമ്മാക്കൽ തോമ്മാക്കത്തനാരുടെ വർത്തമാനപ്പുസ്തകമാണ് മലയാളത്തിലെ ആദ്യ യാത്രാവിവരണ ഗ്രന്ഥം. കൂടാതെ, എസ്.കെ. പൊറ്റക്കാടിന്റെ യാത്രാവിവരണങ്ങളും മലയാളത്തിൽ ശ്രദ്ധേയങ്ങളാണ്.
ജീവചരിത്രങ്ങൾ

മഹാത്മാഗാന്ധി, ശ്രീനാരായണഗുരു തുടങ്ങി പല മഹദ് വ്യക്തികളുടെയും ജീവചരിത്രഗ്രന്ഥങ്ങൾ മലയാളത്തിലുണ്ട്.
ആത്മകഥകൾ

മലയാളത്തിൽത്തന്നെ രചിക്കപ്പെട്ട അനേകം ആത്മകഥകളും മറ്റ് ഭാഷകളിൽ നിന്ന് വിവർത്തനം ചെയ്യപ്പെട്ട ആത്മകഥകളും മലയാളത്തിലുണ്ട്. ജോസഫ് മുണ്ടശ്ശേരിയുടെ ആത്മകഥയാണ് കൊഴിഞ്ഞ ഇലകൾ.
ഭാഷ്യങ്ങൾ

ഹിന്ദുമതഗ്രന്ഥങ്ങളായ വേദങ്ങൾ, ഇതിഹാസങ്ങൾ, പുരാണങ്ങൾ, ഉപനിഷത്തുകൾ, മനുസ്മൃതി തുടങ്ങിയവയ്ക്കും ക്രൈസ്തവ മതഗ്രന്ഥമായ ബൈബിൾ, ഇസ്ലാം മതഗ്രന്ഥമായ ഖുറാൻ തുടങ്ങിയവയ്ക്കും ധാരാളം ഭാഷ്യങ്ങൾ മലയാളത്തിലുണ്ട്.
ഐതിഹ്യങ്ങൾ

കേരളോൽപത്തി, കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാല തുടങ്ങിയവയാണ് പ്രധാന ഐതിഹ്യഗ്രന്ഥങ്ങൾ.
തിരക്കഥകൾ
വിവർത്തനങ്ങൾ

മറ്റു ഭാഷകളിൽനിന്നുള്ള പല പ്രമുഖ കൃതികളും മലയാളത്തിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. വ്യാസവിരചിതമായ മഹാഭാരതം പൂർണമായും കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ മലയാളത്തിലേക്ക് പദാനുപദം വിവർത്തനം ചെയ്തു. രവീന്ദ്രനാഥ ടാഗോറിന്റെ 'ഗീതാഞ്ജലി', ജി. ശങ്കരക്കുറുപ്പ് മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.വിക്ടർ ഹ്യൂഗോയുടെ 'ലാ മിറാബലെ' എന്ന ഫ്രഞ്ച് നോവലിന് മലയാളകവി നാലപ്പാട്ട് നാരായണമേനോൻ നൽകിയ വിവർത്തനം 'പാവങ്ങ'ളും പ്രസിദ്ധമാണ്.